HomeNewsCrimeകുറ്റിപ്പുറം കുഴിബോംബ് കേസിൽ അന്വേഷണം നിലച്ചു

കുറ്റിപ്പുറം കുഴിബോംബ് കേസിൽ അന്വേഷണം നിലച്ചു

കുറ്റിപ്പുറം കുഴിബോംബ് കേസിൽ അന്വേഷണം നിലച്ചു

കുറ്റിപ്പുറം: ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിനു കീഴിൽനിന്ന് കുഴിബോംബുകളും വെടിക്കോപ്പുകളും കണ്ടെത്തിയ സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം വഴിമുട്ടി. പ്രതിരോധ വകുപ്പിനു കീഴിലെ ആയുധനിർമാണ ശാലയിൽനിന്നു കുഴിബോംബുകൾ കൈമാറിയ ഡിപ്പോകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകാത്തതിനെ തുടർന്നാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം താൽക്കാലികമായി സ്തംഭിച്ചത്. കേസ് അന്വേഷണത്തിന് ആവശ്യമായ രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് അന്വേഷണം തുടക്കത്തിൽത്തന്നെ നിലച്ചത്. സൈന്യത്തിന്റെ രേഖകൾ ലഭിച്ചാൽ മാത്രമേ പൊലീസിന് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ.

കഴിഞ്ഞമാസം അഞ്ചിനാണ് കുറ്റിപ്പുറം പാലത്തിന്റെ അഞ്ചും ആറും തൂണുകൾക്കിടയിൽനിന്ന് ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന ഉഗ്രശേഷിയുള്ള അഞ്ചു ക്ലേമോർ കുഴിബോംബുകൾ കണ്ടെത്തിയത്. ആദ്യം പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കായിരുന്നു അന്വേഷണച്ചുമതല. പിന്നീട് മലപ്പുറം മേധാവി ദേബേഷ്കുമാർ ബെഹ്റ അന്വേഷണം ഏറ്റെടുത്തു. രണ്ടു സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. മഹാരാഷ്ട്രയിൽ പ്രതിരോധ വകുപ്പിനു കീഴിലുള്ള ചന്ദ്രപൂർ ഫാക്ടറിയിലാണ് കുഴിബോംബുകൾ നിർമിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

കുറ്റിപ്പുറത്തുനിന്നു കണ്ടെടുത്ത ബോബുകളുടെ വിവരങ്ങൾ ഡിവൈഎസ്പി ജെയ്സൺ കെ.ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഹാരാഷ്ട്രയിലെ ഓർഡിനൻസ് ഫാക്ടറിയിലെത്തി ശേഖരിച്ചത്. ഈ ഫാക്ടറിയിൽനിന്ന് 1981,1991,1992, 2000, 2001 വർഷങ്ങളിൽ നിർമിച്ച കുഴിബോംബുകളാണ് കുറ്റിപ്പുറത്തുനിന്നു ലഭിച്ചത്. എന്നാൽ ഇവ ഏത് ഡിപ്പോകളിലേക്ക് കൈമാറിയതാണെന്ന വിവരമാണ് ഇനി സൈന്യത്തിൽനിന്നു ലഭിക്കാനുള്ളത്.

പഴയ രേഖകൾ പരിശോധിച്ച് വിവരങ്ങൾ കൈമറാമെന്ന ധാരണയിലായിരുന്നു മഹാരാഷ്ട്രിയിൽനിന്ന് അന്വേഷണസംഘം കേരളത്തിലേക്കു മടങ്ങിയത്. എന്നാൽ ബോംബുകൾ കണ്ടെത്തി ഒരുമാസം കഴിഞ്ഞിട്ടും സൈന്യത്തിൽനിന്ന് അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ല. ഇതിനിടെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ‍ഡിസിആർബി ഡിവൈഎസ്പി ജെയ്സൺ കെ.ഏബ്രഹാമിനും തിരൂർ ഡിവൈഎസ്പി വി.എ.ഉല്ലാസിനും സ്ഥലംമാറ്റവും ഉണ്ടായി. കുഴിബോംബുകൾക്ക് പിന്നാലെ പാലത്തിന് അടിയിൽനിന്നു കണ്ടെത്തിയ വെടിയുണ്ടകളെക്കുറിച്ചും വെടിക്കോപ്പുകളെക്കുറിച്ചുമുള്ള അന്വേഷണവും എങ്ങുമെത്തിയിട്ടില്ല.

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!