HomeNewsPoliticsസി.പി.എം എടപ്പാൾ ഏരിയ സമ്മേളനം: മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷ വിമർശനം

സി.പി.എം എടപ്പാൾ ഏരിയ സമ്മേളനം: മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷ വിമർശനം

K-T-Jaleel

സി.പി.എം എടപ്പാൾ ഏരിയ സമ്മേളനം: മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷ വിമർശനം

കാലടി: സി.പി.എം. എടപ്പാള്‍ ഏരിയാസമ്മേളനത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരേ രൂക്ഷവിമര്‍ശം. ഏരിയാസെക്രട്ടറി സി. രാമകൃഷ്ണന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍മേലുള്ള ചര്‍ച്ചയിലാണ് മന്ത്രിക്കെതിരേ രൂക്ഷവിമര്‍ശമുയര്‍ന്നത്.

പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് മന്ത്രിയുടെ ഇടപെടലെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിലാണ് മന്ത്രിയുടെ പ്രവര്‍ത്തനമെന്നുമായിരുന്നു പ്രതിനിധി സമ്മേളനത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചതില്‍ ഭൂരിഭാഗംപേരുടേയും അഭിപ്രായം. പാര്‍ട്ടിയുടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചിട്ടും പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരുടെ ചട്ടുകമായാണ് ജലീല്‍ പ്രവര്‍ത്തിക്കുന്നതെന്നും ആക്ഷേപമുണ്ടായി. പലസന്ദര്‍ഭങ്ങളിലും പാര്‍ട്ടിയുമായി ആലോചിക്കാതെ വ്യക്തിപരമായി തീരുമാനങ്ങളെടുക്കുന്ന പ്രവണതയാണ് കാണുന്നതെന്നും പ്രതിനിധികള്‍ പറഞ്ഞു. പല കാര്യത്തിലും ബ്രാഞ്ച് കമ്മിറ്റികളുമായി കൂടിയാലോചനകള്‍ നടത്താറില്ല. പാര്‍ട്ടിയുമായി സഹകരികാത്ത വീടുകളില്‍ സ്വകാര്യ സന്ദര്‍ശനങ്ങള്‍ നടത്തി പാര്‍ട്ടിയെ അവഹേളിക്കുന്ന സമീപനവും മന്ത്രി പിന്തുടരുന്നതായി വിമര്‍ശമുയര്‍ന്നു.

പ്രദേശത്തെ ഭൂമി നികത്തലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ കാര്യക്ഷമമായി ഇടപെടാന്‍ പാര്‍ട്ടിക്കായില്ലെന്നും വിമര്‍ശമുണ്ടായി. നിലവിലെ ഏരിയാ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിലും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അതൃപ്തി പ്രകടിപ്പിച്ചു. പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ പാര്‍ലമെന്ററിമോഹം ശക്തിപ്പെടുന്നുണ്ടെന്നും അഭിപ്രായമുയര്‍ന്നു.

റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് ബുധനാഴ്ച പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.പി. വാസുദേവനും ഏരിയാ സെക്രട്ടറി സി. രാമകൃഷ്ണനും മറുപടി പറയും.നിലവിലെ ഏരിയാ സെക്രട്ടറി സി. രാമകൃഷ്ണന്‍ ഈ സമ്മേളനത്തോടെ സ്ഥാനമൊഴിയും. കഴിഞ്ഞ മൂന്ന് സമ്മേളനകാലയളവിലും സി. രാമകൃഷ്ണനാണ് സെക്രട്ടറി പദവി വഹിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!