HomeNewsElectionLoksabha Election 2014ഒടുവിൽ ഇടി പൊരുതി പൊന്നാനി നിലനിർത്തി

ഒടുവിൽ ഇടി പൊരുതി പൊന്നാനി നിലനിർത്തി

ഒടുവിൽ ഇടി പൊരുതി പൊന്നാനി നിലനിർത്തി

വളാഞ്ചേരി: പൊന്നാനിയെ ചുവപ്പിക്കാനുള്ള ഇടതുമുന്നണിയുടെ തീവ്രശ്രമത്തെ അതിജീവിക്കാന്‍ ഇ.ടിക്ക് ഇത്രമാത്രം പൊരുതേണ്ടിവരുമെന്ന് ആരും കരുതിയതല്ല. ‘സ്വതന്ത്ര പരീക്ഷണം’ ഇക്കുറി വിജയത്തിലെത്തുമെന്ന് ഇടതുമുന്നണി തറപ്പിച്ചുപറഞ്ഞപ്പോള്‍ ഒരു ‘ഹംസ മാജിക്’ ആവര്‍ത്തിക്കുമോയെന്ന് സംശയിച്ച നിമിഷങ്ങള്‍. ചെങ്കൊടിപാറിച്ച് പൊന്നാനി, തവനൂര്‍, തൃത്താല നിയമസഭാമണ്ഡലങ്ങള്‍…വിചാരിച്ചത്ര ഭൂരിപക്ഷംകിട്ടാതെ തിരൂര്‍, താനൂര്‍, കോട്ടയ്ക്കല്‍ മണ്ഡലങ്ങള്‍… ഒടുവില്‍ തിരൂരങ്ങാടി മണ്ഡലത്തിന്റെ അകമഴിഞ്ഞുള്ള സഹകരണത്തിന്റെ ഏണികയറി വിജയത്തിലേക്ക്. കഴിഞ്ഞതവണത്തെ 82684 വോട്ടുകളുടെ ഭൂരിപക്ഷം 25410 ആയി ചുരുങ്ങിയെങ്കിലും.

പൊന്നാനിയില്‍ കഴിഞ്ഞതവണ നേടിയ വോട്ടുകളില്‍ കാര്യമായ കുറവ് ഇക്കുറിയും ഇ.ടി നേരിട്ടിട്ടില്ല. 385801 വോട്ടുകള്‍ കഴിഞ്ഞതവണ ഇ.ടിയുടെ അക്കൗണ്ടിലെത്തിയപ്പോള്‍ ഇത്തവണ നേടിയത് 378503 വോട്ടുകളാണ്. എന്നാല്‍ കഴിഞ്ഞതവണ ഇടതുമുന്നണി സ്ഥാനാര്‍ഥി ഹുസൈന്‍ രണ്ടത്താണി 303117 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ ഇടതുസ്വതന്ത്രന്‍ അബ്ദുറഹ്മാന്‍ നേടിയത് 353093 വോട്ടുകളാണ്. ഏതാണ്ട് അരലക്ഷം വോട്ടുകള്‍ കൂടുതല്‍നേടി ഇടതുമുന്നണി കുതിച്ചെത്തിയെങ്കിലും അത് വിജയത്തിലേക്കെത്താതെ തടയിടാന്‍ കഴിഞ്ഞതുതന്നെയാണ് ഇ.ടിയുടെ വിജയത്തില്‍ പ്രധാനമായും വായിച്ചെടുക്കേണ്ടത്.

കെ.പി.സി.സി അംഗമായിരുന്ന അബ്ദുറഹ്മാനെ കപ്പും സോസറും നല്‍കി ഗോദയിലേക്ക് അയയ്ക്കുമ്പോള്‍ ഇടതുമുണണി സ്വപ്‌നംകണ്ടിരുന്നത് വിജയത്തിന്റെ മധുരംതന്നെയായിരുന്നു. ജില്ലയിലെ യു.ഡി.എഫ് സംവിധാനത്തില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായഭിന്നതകളിലായിരുന്നു ഇടതുമുന്നണിയുടെ കണ്ണ്. കോണ്‍ഗ്രസില്‍ പരസ്യമായ വിമതപ്രവര്‍ത്തനവും ചിലയിടങ്ങളില്‍ തലപൊക്കിയതോടെ ചിരിമുഴുവന്‍ ഇടതുക്യാമ്പിലായിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ മനസ്സിലാക്കി പഴുതടച്ച് പോകാന്‍ ഇ.ടിക്ക് കഴിഞ്ഞുവെന്നാണ് ഒടുവില്‍ പൊന്നാനിയുടെ രാഷ്ട്രീയമാനത്ത് പാറുന്ന പച്ചക്കൊടി തെളിയിക്കുന്നത്.

കണക്കുകൂട്ടലുകളില്‍ അല്പം പിഴവുകളുണ്ടായെങ്കിലും ഇ.ടിയും ലീഗും വിചാരിച്ചതുപോലെ തന്നെയായിരുന്നു പൊന്നാനിയുടെ മണ്ണിലെ ജനവിധിയും. 30000ത്തിനും 40000ത്തിനും ഇടയിലുള്ള ഭൂരിപക്ഷത്തിലുള്ള വിജയമാണ് അവര്‍ പ്രതീക്ഷിച്ചതും കണക്കുകൂട്ടി പറഞ്ഞതും. യു.ഡി.എഫിന്റെ കൈവശമുള്ള തൃത്താല മണ്ഡലത്തില്‍ ഇ.ടി 6433 വോട്ടുകള്‍ക്കാണ് പിറകിലായത്. പൊന്നാനിയില്‍ 7658ഉം തവനൂരില്‍ 9170ഉം വോട്ടുകള്‍ക്ക് പിന്നിലായത് ലീഗ് ഏറെക്കുറെ പ്രതീക്ഷിച്ച ജനവിധി തന്നെയായിരുന്നു. എന്നാല്‍ താനൂരിലെ ഭൂരിപക്ഷം 6220ഉം കോട്ടയ്ക്കലിലേത് 11881ഉം ആയി കുറഞ്ഞത് ലീഗിന് അപ്രതീക്ഷിതമായ അടിയായി. ആ കണക്ക് പിഴച്ചതാണ് ഇ.ടിയുടെ ഭൂരിപക്ഷം കാല്‍ ലക്ഷത്തിനടുത്തായി ചുരുക്കിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!