കരിപ്പോളിൽ 3500 രൂപയ്ക്ക് ഡീസലടിച്ച് വിസിറ്റിങ്ങ് കാർഡ് നൽകി പമ്പിലെ ജീവനക്കാരനെ പറ്റിച്ച് യുവാക്കൾ; വീഡിയോ കാണാം
വെട്ടിച്ചിറ: പെട്രോൾ പമ്പിൽ എണ്ണയടിച്ച ശേഷം പണം നൽകാതെ മുങ്ങിയതായി പരാതി. ഇന്ന് പുലർച്ചെ 1:20 ഓടെ കരിപ്പോൾ വരദ പമ്പിലാണ് സംഭവം.
തൃശൂർ ഭാഗത്ത് നിന്ന് വന്ന മഹീന്ദ്ര ടി.യു.വി യിലെത്തിയ യുവാക്കൾ വാഹനത്തിൽ ഫുൾ ടാങ്ക് ഡീസൽ അടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുർന്ന് പമ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹുസൈൻ എന്ന ജീവനക്കാരൻ ഇവർ പറഞ്ഞ പ്രകാരം എണ്ണയടിച്ചുകൊടുക്കുകയും ഇതിന്റെ തുകയായ 3500 രൂപയ്ക്ക് ഒരു എ.ടി.എം കാർഡിന് സമാനമായ വിസിറ്റിങ്ങ് കാർഡ് നൽകുകയായിരുന്നു. ഹുസൈൻ കാർഡ് പരിശോധിക്കുന്നതിനിടെ യുവാക്കൾ വാഹനവുമായി മുന്നോട്ട് കുതിക്കുകയായിരുന്നു.
ഇതിനിടെ വാഹനത്തിന്റെ ജനലിലൂടെ ഉള്ളിലേക്ക് എടുത്ത് ചാടിയ ഹുസൈനെയും വലിച്ചിഴച്ച് ദേശീയപാത വരെ ഏകദേശം 60 മീറ്ററോളം വലിച്ച് കൊണ്ടുപോകുകയും റോഡിന്റെ അടുത്ത് വച്ച് തള്ളിയിടുകയും ചെയ്തു. ഈ മൽപിടുത്തത്തെ തുടർന്ന് ഹുസൈന് കൈക്ക് സാരമായ പരിക്കുണ്ട്.
എണ്ണയടിച്ചശേഷം കോഴിക്കോട് ഭാഗത്തേക്ക് പോയ കാറിനെ പിന്തുടർന്ന് പമ്പ് ജീവനക്കാർ ചെനക്കൽ വരെ ചെന്നെത്തിയെങ്കിലും കണ്ടെത്താനായില്ല. ഏകദേശം ഒന്നരയോടെ ഇതിലൂടെ പട്രോളിങ്ങിനെത്തിയ കാടാമ്പുഴ പോലീസിലും തുടർന്ന് വീഡിയോ തെളിവുകൾ സഹിതം വളാഞ്ചേരി പോലീസിലും പരാതി നൽകിയതായി പമ്പുടമ വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു.
വീഡിയോ കാണാം: