HomeNewsAgricultureഭൗമസൂചിക പദവിക്ക് തൊട്ടരികെ തിരൂർ വെറ്റില

ഭൗമസൂചിക പദവിക്ക് തൊട്ടരികെ തിരൂർ വെറ്റില

Tirur-betel

ഭൗമസൂചിക പദവിക്ക് തൊട്ടരികെ തിരൂർ വെറ്റില

മലപ്പുറം: തിരൂർ വെറ്റിലയ്ക്ക് ഭൗമസൂചിക പദവി ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കി ചെന്നൈയിലെ ഇന്റലക്ച്ച്വൽ പ്രോപ്പർട്ടി ഓഫീസിലേക്ക് പഠന റിപ്പോർട്ട് കൈമാറി. തൃശൂർ കാർഷിക സർവകലാശാലയുടെ ഭൗതിക സ്വത്തവകാശ വിഭാഗം മേധാവി ഡോ. സി.ആർ. എൽസിയുടെ നേതൃത്വത്തിലാണ് പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. ജിയോഗ്രാഫിക് ഇൻഡിക്കേഷൻ ജേണലിൽ ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈകാതെ തിരൂർ വെറ്റിലയ്ക്ക് ഭൗമസൂചിക പദവി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Tirur-betel
ഇലയുടെ വലിപ്പവും സ്വാദും മൂലം പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും വരെ തിരൂർ വെറ്റില കയറ്റി അയച്ചിരുന്നു. ഉത്തരേന്ത്യയിൽ തിരൂർ വെറ്റിലയ്ക്ക് ഏറെ ആവശ്യക്കാരുമുണ്ടായിരുന്നു. പ്രതിദിനം 20 കിന്റലിലേറെ വെറ്റില കയറ്റി അയച്ചിരുന്ന സ്ഥാനത്തിപ്പോൾ പേരിന് മാത്രമായിട്ടുണ്ട്. നഷ്ടം മൂലം കർഷകരുടെ എണ്ണവും നന്നേ ചുരുങ്ങി. പാരമ്പര്യമായി വെറ്റിലക്കൃഷി ചെയ്യുന്നവർ മാത്രമാണ് നഷ്ടം സഹിച്ചും കൃഷിയിൽ തുടരുന്നത്. ഭൗമസൂചികാ പദവി ലഭിച്ചാൽ തിരൂർ വെറ്റിലയുടെ വിപണി സാദ്ധ്യതകളും വർദ്ധിക്കും.
Tirur-betal
ഒരു പ്രത്യേക ഉത്പന്നത്തിന്റെ ഗുണമേന്മ അത് ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയെ തിരിച്ചറിയാൻ വേണ്ടിയാണ് ഭൗമസൂചിക പദവി നൽകുന്നത്.പാലക്കാടൻ മട്ട പോലെ ഭൗമ സൂചികാ പദവിയിലൂടെ കൂടുതൽ സ്വീകാര്യതയും മികച്ച വിലയും വലിയ വിപണി സാദ്ധ്യതകളും ഉറപ്പാക്കാനാവും. തിരൂർ വെറ്റില കൃഷി ചെയ്യുന്ന തിരൂർ ചെമ്പ്ര, മീനടത്തൂർ, വൈലത്തൂർ, ഒഴൂർ, താനൂർ മോര്യ, എടരിക്കോട്, കുറുക, കൽപ്പകഞ്ചേരി, ആതവനാട് , കിഴക്കേ മുക്കോല, വെള്ളിയാമ്പുറം, പുൽപ്പറമ്പ് പ്രദേശങ്ങളിലെ കർഷകരെ സംഘടിപ്പിച്ച് ഫാർമേഴ്‌സ് ഗ്രൂപ്പ് രൂപവത്കരിച്ചാണ് ഭൗമസൂചിക പദവിക്കുള്ള പ്രവർത്തനങ്ങളുമായി കാർഷിക സർവകലാശാല മുന്നോട്ടുപോയത്.
Tirur-betal
മറ്റ് വെറ്റിലകളിൽ നിന്നും തിരൂർ വെറ്റിലയ്ക്ക് മാത്രമുള്ള പ്രത്യേകതകളും ഇതു സംബന്ധിച്ച നിരവധി വിവരങ്ങളും ശേഖരിച്ചു. ഫാർമേഴ്‌സ് ഗ്രൂപ്പ് പ്രസിഡന്റിന്റെ മരണത്തോടെ ചില രേഖകൾ കണ്ടെത്താനാവാതിരുന്നത് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ഇതെല്ലാം മറികടന്നാണ് ഇപ്പോൾ അന്തിമ അംഗീകാരത്തിനുള്ള റിപ്പോർട്ട് സമർപ്പിച്ചത്. പത്ത് വർഷത്തേക്കാണ് ഭൗമസൂചിക പദവി നൽകുക. പിന്നീട് പുതുക്കി നൽകും. സംസ്ഥാനത്ത് ആറന്മുള കണ്ണാടിക്കാണ് ആദ്യമായി ഈ പദവി ലഭിച്ചത്. കേരളത്തിൽ നിന്ന് 28 ഉത്പന്നങ്ങൾ ഈ ലിസ്റ്റിലുണ്ട്. മറയൂർ ശർക്കരയാണ് ഒടുവിൽ ഇടംപിടിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!