HomeNewsFestivalsതിരുമാന്ധാംകുന്ന് പൂരത്തിന് വർണാഭ തുടക്കം

തിരുമാന്ധാംകുന്ന് പൂരത്തിന് വർണാഭ തുടക്കം

angadippuram-pooram-2019

തിരുമാന്ധാംകുന്ന് പൂരത്തിന് വർണാഭ തുടക്കം

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന് പുറപ്പാടെഴുന്നള്ളിപ്പോടെ തുടക്കം. നാടിന്റെ നാനാദേശങ്ങളിൽനിന്ന‌് പതിനായിരങ്ങളാണ് വ്യാഴാഴ്ച ക്ഷേത്രാങ്കണത്തിലെത്തിയത്. പൂരാഘോഷത്തിലെ 21 ആറാട്ടുകളിൽ ഒന്നാമത്തെ ആറാട്ടിനുള്ള എഴുന്നള്ളിപ്പാണ് പുറപ്പാടെഴുന്നള്ളിപ്പ്. രാവിലെ എട്ടിന‌് സരോജിനി നങ്ങ്യാരമ്മയുടെ നങ്ങ്യാർ കൂത്തോടെയാണ‌് പുറപ്പാട് ദിവസത്തെ ചടങ്ങ‌് ആരംഭിച്ചത്. തുടർന്ന് കൂത്ത് പുറപ്പാടും. പത്തിന് നാലമ്പലത്തിനകത്ത് പൂരം കൊട്ടിപ്പുറപ്പെട്ടു. ഗുരുവായൂർ ദേവസ്വത്തിന്റെ അഞ്ച‌് ഗജവീരന്മാരാണ‌് പുറപ്പാടെഴുന്നള്ളിപ്പിനെത്തിയത്. ദാമോദർ ദാസാണ് തിടമ്പേറ്റിയത്.ഗോപീകൃഷ്ണൻ, ജൂനിയർമാരായ കേശവൻ, മാധവൻകുട്ടി, വിഷ്ണു എന്നിവരും എഴുന്നള്ളിപ്പിന‌് മാറ്റുകൂട്ടി.
angadippuram-pooram
എടപ്പറ്റ ഗോവിന്ദൻ നായർ, കരുവംപുറത്ത് ഗോവിന്ദൻകുട്ടി, കാപ്പിൽ നാരായണൻ നായർ എന്നിവരായിരുന്നു കോമരങ്ങൾ. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ട്രസ്റ്റി ഇൻ ചാർജ് കെ സി ജനാർദന രാജക്കൊപ്പം വള്ളുവനാട് രാജകുടുംബാംഗങ്ങൾ പുറപ്പാടെഴുന്നള്ളിപ്പിന്റെ മുൻനിരക്കാരായി. ദേവസ്വം എക്സി. ഓഫീസർ സി സി ദിനേശ്, അസി. മാനേജർ എ എൻ ശിവപ്രസാദ്, മുഖ്യ തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരി, തന്ത്രി പന്തലക്കോടത്ത് സജി നമ്പൂതിരി, കാവുനായർ കൃഷ്ണൻകുട്ടി നായരടക്കമുള്ള സ്ഥാനികൾ, പാനേങ്കളി സംഘം എന്നിവരും പങ്കാളികളായി. വടക്കെ നടയിറങ്ങി ചെറുപുഴയിലെ കടവിലെ ആറാട്ടിനുശേഷം പതിനൊന്നോടെ പൂരം കൊട്ടിക്കയറി. പഞ്ചാരിമേളത്തോടെയായിരുന്നു കൊട്ടിക്കയറ്റം. തുടർന്ന് പതിവ് ചടങ്ങുകൾ നടന്നു. വൈകിട്ട് നാലിന് ഓട്ടൻതുള്ളലും നാദസ്വരവും ക്ഷേത്രാങ്കണത്തിൽ നടന്നു.
angadippuram-pooram-2019
രാത്രി പയ്യാവൂർ നാരായണ മാരാരും നീലേശ്വരം സതീഷ് മാരാരും നടത്തിയ ഡബിൾ തായമ്പകയും രണ്ടാമത്തെ ആറാട്ടിന് തൃത്താല കേശവദാസിന്റെ തായമ്പകയും കൊട്ടിക്കയറ്റത്തിന് പാണ്ടിമേളവുമുണ്ടായി. രാത്രി നിബന്ധനകൾക്ക് വിധേയമായി വെടിക്കെട്ടും ഒരുക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!