HomeNewsCrimeകുറ്റിപ്പുറത്ത് ജനവാസമേഖലയിൽ വീണ്ടും അറവുമാലിന്യം തള്ളി

കുറ്റിപ്പുറത്ത് ജനവാസമേഖലയിൽ വീണ്ടും അറവുമാലിന്യം തള്ളി

kuttippuram-waste

കുറ്റിപ്പുറത്ത് ജനവാസമേഖലയിൽ വീണ്ടും അറവുമാലിന്യം തള്ളി

കുറ്റിപ്പുറം: പൊലീസിനെയും നാട്ടുകാരെയും വെല്ലുവിളിച്ച് ജനവാസമേഖലയിൽ അജ്ഞാതർ വീണ്ടും അറവുമാലിന്യം തള്ളി. ദേശീയപാതയോരത്തെ കുറ്റിപ്പുറം മൂടാലിലാണ് ഇന്നലെ പുലർച്ചെ ലോഡ് കണക്കിന് മാംസാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി തള്ളിയത്. ഇതേ പാതയിലെ കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് മുന്നിൽ കഴിഞ്ഞ മാസം 50 ചാക്കോളം അറവുമാലിന്യം തള്ളിയിരുന്നു. ഇതെ തുടർന്ന് പ്രദേശവാസികൾ പൊലീസിൽ പരാതി നൽകി നിരീക്ഷിക്കുന്നതിനിടെയാണ് ഒരുകിലോമീറ്റർ അകലെ വീണ്ടും വൻതോതിൽ മാലിന്യം കൊണ്ടിട്ടത്.
മൂടാൽ ആശുപത്രിക്ക് എതിർവശത്തെ ഇടവഴിയിലാണ് ദുർഗന്ധംവമിക്കുന്ന മാംസാവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ ആറു വീടുകളിലേക്കുള്ള വഴിയിലാണ് ചാക്കുകൾ ഉപേക്ഷിച്ചത്. സമീപത്ത് മറ്റു സ്ഥലങ്ങൾ ഉണ്ടായിട്ടും ഈ വീട്ടുകാർ സഞ്ചരിക്കുന്ന വഴിയിൽതന്നെ തള്ളിയത് മനഃപൂർവമാണെന്ന് കരുതുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ അറവുശാലകളിൽനിന്നും കോഴിക്കടകളിൽനിന്നുമുള്ള മാലിന്യമാണ് തുടർച്ചയായി ഇത്തരത്തിൽ കുറ്റിപ്പുറത്തും പരിസരപ്രദേശങ്ങളിലും തള്ളുന്നത്.
പൊലീസിലും മറ്റും പലതവണ പരാതിപ്പെട്ടെങ്കിലും ഇതിനു പിന്നിലുള്ളരെ പിടികൂടാനായിട്ടില്ല. അറവുശാലകളിൽനിന്നു മാംസാവശിഷ്ടങ്ങൾ ശേഖരിക്കുന്ന സംഘത്തെ പിടികൂടി ചോദ്യംചെയ്താൽ സംഭവത്തിനു പിന്നിലുള്ളവരെ കണ്ടെത്താമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, നാട്ടുകാരുടെ ഇത്തരം പരാതി പൊലീസ് കാര്യമായി എടുക്കുന്നില്ലെന്നാണ് ആരോപണം. വിവിധ ഭാഗങ്ങളിൽനിന്ന് അറവുമാലിന്യം പണംവാങ്ങി ശേഖരിക്കുന്ന സംഘത്തിന് സംഭവത്തിൽ പങ്കുണ്ടെന്നാണ് നാട്ടുകാരുടെ‍ പരാതി.
കിലോഗ്രാമിന് 15 രൂപവരെ നിരക്കിൽ ശേഖരിക്കുന്ന മാലിന്യം പാലക്കാട്ടെ പന്നിഫാമിലേക്ക് നൽകാനാണെന്നാണ് പറയുന്നത്. എന്നാൽ, ശേഖരിക്കുന്ന മാലിന്യം രാത്രിയിൽ ആളൊഴിഞ്ഞ ഭാഗത്ത് തട്ടുകയാണ് ചെയ്യുന്നത.് കുറ്റിപ്പുറത്ത് മാത്രം ഇത് അഞ്ചാമത്തെ തവണയാണ് ഇത്തരത്തിൽ വൻതോതി‍ൽ അറവുമാലിന്യം തള്ളുന്നത്. ഇന്നലെ കണ്ടെത്തിയ മാലിന്യം കുറ്റിപ്പുറം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമീപത്തുതന്നെ കുഴിച്ചുമൂടി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!