HomeNewsCrimeFraudവിവാഹാലോചന നടത്തി സ്വർണം തട്ടൽ: യുവാവ്‌ പിടിയിൽ

വിവാഹാലോചന നടത്തി സ്വർണം തട്ടൽ: യുവാവ്‌ പിടിയിൽ

marriage-cheat

വിവാഹാലോചന നടത്തി സ്വർണം തട്ടൽ: യുവാവ്‌ പിടിയിൽ

പെരിന്തൽമണ്ണ: നിർധന കുടുംബങ്ങളിൽനിന്നും ജോലിക്ക് പോകുന്ന പെൺകുട്ടികളുടെ വീടുകളിൽ ചെന്ന് വിവാഹ ആലോചന നടത്തി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചശേഷം സ്വർണാഭരണങ്ങൾ സൂത്രത്തിൽ തട്ടിയെടുത്ത്‌ മുങ്ങുന്ന വിരുതൻ പൊലീസ്‌ പിടിയിലായി. മേലാറ്റൂർ എടപ്പറ്റ തോട്ടുകുഴി കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് റിയാസ് എന്ന മണവാളൻ റിയാസാണ് (38) പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്. അരക്കുപറമ്പ്, കുന്നപ്പള്ളി സ്വദേശിനികളായ രണ്ട് പെൺകുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹം ആലോചിച്ചശേഷം മൊബൈൽ ഫോണിലൂടെ അടുത്ത് ആഭരണം മാറ്റി പുതിയ ഫാഷനിലുള്ളത് വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് പെരിന്തൽമണ്ണ ടൗണിലേക്ക് സ്ത്രീകളെ വരുത്തി ആഭരണങ്ങളുമായി മുങ്ങുകയാണ് പതിവ്. ഇത്തരത്തിൽ പണം സമ്പാദിച്ച് മേലാറ്റൂരിൽ ഫ്ളാറ്റ് വാടകയ്‌ക്കെടുത്ത് ആർഭാടജീവിതം നയിച്ചു വരികയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. പ്രതി സമാനരീതിയിൽ കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയതായി പൊലീസ് അറിയിച്ചു. പരാതികൾ ലഭിക്കുന്ന മുറയ്ക്ക് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തും. പ്രതി വിൽപ്പന നടത്തിയ ഏഴുപവൻ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെരിന്തൽമണ്ണ എ.എസ്.പി ഹേമലതയുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്ടർ സി.കെ നാസർ, എസ്.ഐ രമാദേവി, എ.എസ്‌.ഐമാരായ സലീം, ഷാജി,​ സി.പി.ഒമാരായ സജീർ, കബീർ, മിഥുൻ, പ്രഭുൽ, ദിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!