കുറ്റിപ്പുറം റെയിൽവെ മേൽപ്പാലത്തിൽ നിയന്ത്രനം വിട്ട ലോറി നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു; പോലീസുകാരന് പരിക്ക്
കുറ്റിപ്പുറം : ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട ചരക്കുലോറി ഇടിച്ച് എട്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴിനു കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിനു മുകളിലാണ് അപകടപരമ്പര നടന്നത്. പുണെയിൽ നിന്ന് എറണാകുളത്തേക്ക് സവാളയുമായി പോകുകയായിരുന്ന ചരക്കുലോറിയാണ് അപകടം സൃഷ്ടിച്ചത്. കൈലാസ് ഓഡിറ്റോറിയത്തിനു സമീപമുള്ള ഇറക്കത്തിലാണ് ലോറിയുടെ നിയന്ത്രണം നഷ്ടമായത്.
നിയന്ത്രണം നഷ്ടപ്പെട്ട ലോറി മുൻപിൽ സഞ്ചരിച്ചിരുന്ന ഒരു കാറിന്റെ പിറകിൽ ഇടിച്ചു. തുടർന്ന് കാർ ബൈക്കിൽ യാത്ര ചെയ്തിരുന്ന കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ എസ്ഐ അയ്യപ്പനെ ഇടിച്ചുതെറിപ്പിച്ചു. പിന്നീട് ലോറി മുന്നിലുണ്ടായിരുന്ന മൂന്നു കാർ, ഇന്നോവ, പിക്കപ്പ് വാൻ, മറ്റൊരു ബൈക്ക് എന്നിവയിൽ ഇടിച്ചതിനുശേഷം മേൽപ്പാലത്തിനു മുകളിലെ കോൺക്രീറ്റ് കൈവരിയിൽ ഇടിച്ചുനിൽക്കുകയായിരുന്നു. അപകടത്തിൽ മൂന്നു വാഹനങ്ങൾ പൂർണമായും തകർന്നെങ്കിലും ബൈക്കിൽനിന്ന് തെറിച്ചുവീണ എസ്ഐക്ക് മാത്രമാണ് കാര്യമായി പരിക്കേറ്റത്. എസ്ഐയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാത 66-ൽ മണിക്കൂറുകളോളം ഗതാഗതം താറുമാറായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here