വിദഗ്ധരുണ്ട്, സൗകര്യമില്ല; കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രതിസന്ധി

കുറ്റിപ്പുറം ∙ വിദഗ്‌ധ ഡോക്ടർമാർ ഉണ്ടായിട്ടും ചികിത്സ നടത്താൻ സ്ഥലമില്ലാതെ പ്രതിസന്ധി നേരിടുകയാണ് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രി. ഗൈനക്കോളജി അടക്കമുള്ള വിഭാഗങ്ങൾക്കായി 8 സ്പെഷലിസ്റ്റ് ഡോക്ടർമാർ ഉണ്ടെങ്കിലും ചികിത്സയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ആശുപത്രിയിൽ ഇല്ല. പഴക്കം ചെന്ന ഓപ്പറേഷൻ തിയറ്ററും ലേബർ റൂമും സജ്ജമാണെങ്കിലും സ്ഥിരമായി ശസ്ത്രക്രിയയോ പ്രസവമോ നടക്കുന്നില്ല.

ഓപ്പറേഷന് മുൻപും ശേഷവും രോഗികളെ കിടത്തേണ്ട പ്രത്യേകം മുറികൾ ഇല്ലാത്തതിനാലാണിത്. താലൂക്ക് ആശുപത്രയിയുടെ കണക്കനുസരിച്ച് 100 കിടക്കകൾ ആവശ്യമായ ഐപി വാർഡിൽ ആകെയുള്ളത് 22 കിടക്കകൾ. ഒബ്സർവേഷൻ മുറിയൽ ഒരു കിടക്കയിൽ രണ്ടു രോഗികൾ. ഓർത്തോ വിഭാഗത്തിനുള്ള ഒരു സൗകര്യവും ആശുപത്രിയിലില്ല. ആകെ 18 ഡോക്ടർമാർ ഉണ്ടെങ്കിലും പ്രത്യേക വിഭാഗത്തിലെ കിടത്തി ചികിത്സകൾ ഇല്ല.

പഴയ ഐപി കെട്ടിത്തിലെ ഇടുങ്ങിയ മുറികളിലാണ് ഇപ്പോൾ ഒപി പ്രവർത്തിക്കുന്നത്. ഒപി വിഭാഗത്തിനായി ഉണ്ടായിരുന്ന പുതിയ കെട്ടിടത്തിനോട് അനുബന്ധിച്ച് ഡയാലിസിസ് സെന്റർ നിർമിക്കുന്നതിനാൽ ഒപി വിഭാഗം മാറ്റുകയായിരുന്നു. ഇതോടെ ഐപി വിഭാഗത്തിലെ രോഗികളെ സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. എംപി, എംഎൽഎ ഫണ്ടുകൾ ഉപയോഗിച്ച് പുതിയ കെട്ടിടത്തിന് പദ്ധതിയുണ്ടെങ്കിലും ഇത് എന്ന് യാഥാർഥ്യമാകുമെന്ന് ആർക്കും അറിവില്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
