HomeNewsPoliticsലീഗിൽ പൊട്ടിത്തെറി: ബുഷ്റ ഷബീർ കോട്ടയ്‍ക്കൽ നഗരസഭാംഗത്വം രാജിവച്ചു

ലീഗിൽ പൊട്ടിത്തെറി: ബുഷ്റ ഷബീർ കോട്ടയ്‍ക്കൽ നഗരസഭാംഗത്വം രാജിവച്ചു

ലീഗിൽ പൊട്ടിത്തെറി: ബുഷ്റ ഷബീർ കോട്ടയ്‍ക്കൽ നഗരസഭാംഗത്വം രാജിവച്ചു

കോട്ടയ്‍ക്കൽ: ബുഷ്റ ഷബീർ കോട്ടയ്‍ക്കൽ നഗരസഭാ ഉപാധ്യക്ഷ

പദവിയും കൗൺസിലർ സ്‍ഥാനവും രാജിവച്ചു. ബുഷ്റയുടെ ഭർത്താവ് യു.എ.ഷബീർ മുനിസിപ്പൽ മുസ്‍ലിം ലീഗ് സെക്രട്ടറി, സഹകരണ അർബൻ ബാങ്ക് ചെയർമാൻ പദവികളും രാജിവച്ചു. പാർട്ടിയിൽ ഒരിടവേളയ്ക്കുശേഷമുണ്ടായ കടുത്ത വിഭാഗീയതയാണ് ഇരുവരുടെയും രാജിയിൽ കലാശിച്ചത്. ഭരണസമിതി എടുക്കുന്ന പല തീരുമാനങ്ങളും അറിയുന്നില്ലെന്നാണ് ഉപാധ്യക്ഷയുടെ പരാതി. കൗൺസിൽ യോഗത്തിൽ അജൻഡയായി വരുമ്പോഴാണ് പല കാര്യങ്ങളും അറിയുന്നത്.

ടൗണിലെ പൊതുസ്‍ഥലത്ത് തുകൽ വ്യാപാരത്തിന് കെട്ടിടം നിർമിക്കാൻ സ്വകാര്യ വ്യക്തിക്ക് അനുമതി നൽകിയത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല. യൂത്ത് ലീഗ് കമ്മിറ്റിയാണ് നഗരസഭാ ഭരണം നിയന്ത്രിക്കുന്നത്. ഇടനിലക്കാരും ഭൂമി കച്ചവടക്കാരും കാര്യങ്ങൾ തീരുമാനിക്കുന്നു. വിഷയം പലതവണ പാർട്ടി ഉന്നത നേതൃത്വവുമായി ചർച്ച ചെയ്‍തതാണ്. എന്നാൽ, അനുകൂല തീരുമാനമുണ്ടായില്ല. പൊതുപ്രവർത്തനം അവസാനിപ്പിപ്പ് ഇനിയുള്ള കാലം വീട്ടമ്മയായി കഴിയാനാണ് തീരുമാനമെന്നും ബുഷ്‍റ ഷബീർ പറയുന്നു. ബാങ്ക് ജീവനക്കാരുടെ സ്‍ഥലംമാറ്റ വിഷയത്തിൽ യൂത്ത് ലീഗ് അനാവശ്യ വാശിപിടിച്ചെന്ന് ആരോപിച്ചാണ് യു.എ.ഷബീർ സ്‍ഥാനങ്ങൾ രാജിവച്ചത്. പാർട്ടി ചിലരുടെ കൈപ്പിടിയിൽ ഒതുങ്ങിയതായി അദ്ദേഹം പറയുന്നു.

മണ്ഡലം നേതാക്കളായ സി.എച്ച്.അബൂയൂസഫ് ഗുരുക്കൾ, ബഷീർ രണ്ടത്താണി തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് ഇരുവരും രാജിക്കത്ത് മുനിസിപ്പൽ പ്രസിഡന്റ് ഇല്ലിക്കോട്ടിൽ കുഞ്ഞലവി ഹാജിയെ ഏൽപിച്ചത്. രാജി പിൻവലിപ്പിക്കാൻ കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ തുടർച്ചയായി നടത്തിയ അനുരഞ്‍ജന ശ്രമങ്ങളും ഫലം കണ്ടില്ല. പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് മുനിസിപ്പൽ യൂത്ത്‍‍ ലീഗ് കമ്മിറ്റി ഒന്നടങ്കം കഴിഞ്ഞയാഴ്‍ച രാജിവച്ചിരുന്നു. ഇതിനു പിറകേ നഗരസഭാ ഉപാധ്യക്ഷയും പാർട്ടി സെക്രട്ടറിയും രാജിവച്ചത് ഉന്നതനേതൃത്വത്തിന് വലിയ തലവേദനയായിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!