കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ കാൽമുട്ട് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായ നടത്തി

കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ കാൽമുട്ട് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ ജബ്ബാർ കെ.ഇയുടെയും അസ്ഥിരോഗ വിഭാഗം ഡോക്ടർ ബിജുവിന്റെയും നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിൽ ഡോ. ഉണ്ണികൃഷ്ണൻ (അസ്ഥിരോഗ വിഭാഗം), ഡോ. മുനീഷ് (അനസ്തീഷ്യ വിഭാഗം) എന്നിവർ പങ്കെടുത്തു. സർജറി വിജയകരമാക്കുന്നതിൽ സീനിയർ നഴ്സിംഗ് ഓഫീസർമാരായ അംബിക, റീന, നഴ്സിംഗ് ഓഫീസർമാരായ രേഖ, സൽവ, റേഡിയോഗ്രാഫർ നവാസ്, നഴ്സിംഗ് അസിസ്റ്റന്റ് വിശ്വനാഥൻ, അറ്റൻഡർ ഗ്രേഡ്-2 ബിന്ദു, പി.ആർ.ഒ സുരേഷ് എന്നിവർ ശ്രദ്ധേയമായ പങ്കുവഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ₹20 ലക്ഷം ചെലവിൽ നവീകരിച്ച ഓപ്പറേഷൻ തിയേറ്ററും ₹15 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച അനസ്തീഷ്യ വർക്ക് സ്റ്റേഷനും ഇതിന് പിന്തുണയായി. അതോടൊപ്പം, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ₹40 ലക്ഷം രൂപ ചെലവഴിച്ച് കാൽമുട്ടിന്റെ താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വാങ്ങിക്കുന്ന മെഷീൻ വന്നു കഴിഞ്ഞാൽ താക്കോൽദ്വാര ശസ്ത്രക്രിയ നടത്താനുള്ള തയ്യാറെടുപ്പിലാണ് അസ്ഥിരോഗ വിഭാഗം. ഇതിലൂടെ ആശുപത്രിയിൽ നടക്കുന്ന ശസ്ത്രക്രിയകളും രോഗികൾക്ക് ലഭിക്കുന്ന ചികിത്സാ സേവനങ്ങളും കൂടുതൽ നിലവാരമേറിയതാകും. ആശുപത്രിയുടെ സേവന നിലവാരം ഉയർത്തുന്നതിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതികളും സഹകരണവും നിർണായകമായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
