ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് നിർമിച്ചുനൽകുന്ന സ്‌നേഹവീടിന്റെ താക്കോൽ കൈമാറി
ഇരിമ്പിളിയം : ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമിച്ചുനൽകിയ സ്‌നേഹവീടിന്റെ താക്കോൽ കൈമാറി. ഇരിമ്പിളിയം വേളികുളം റൗളത്തുൽ ഇസ്‍ലാം മദ്രസാ പരിസരത്ത് മന്ത്രി വി. അബ്ദുറഹ്‌മാൻ കുടുംബത്തിന് താക്കോൽ നൽകി. എൻഎസ്എസിന്റെ ‘ഭവനം പദ്ധതി’ വഴിയാണ് സഹപാഠിക്ക് വീട് നിർമിച്ചുകൊടുത്തത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷഹനാസ് അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.സി.എ. നൂർ, പഞ്ചായത്തംഗങ്ങളായ പി.എം. ബാലചന്ദ്രൻ, ടി.പി. മെറിഷ്, പി. മുഹമ്മദാലി, സൈഫുന്നീസ, പിടിഎ പ്രസിഡന്റ് വി.ടി. അമീർ, എൻഎസ്എസ് റീജണൽ കോഡിനേറ്റർ എസ്. ശ്രീജിത്ത്, ജില്ലാ കോഡിനേറ്റർ പി.ടി. രാജ്‌മോഹൻ, എം.വി. ഷാഹിന, എംപിടിഎ പ്രസിഡന്റ് പ്രഷില, പ്രിൻസിപ്പൽ ഡോ. ജി.എസ്. ശ്രീലേഖ, പ്രഥമാധ്യാപിക കെ. ജീജ തുടങ്ങിയവർ പ്രസംഗിച്ചു.
വീട് നിർമിക്കുന്നതിന് സ്ഥലം സൗജന്യമായി നൽകിയ തുടിമ്മൽ സുലൈമാൻ ഹാജിക്ക് സ്കൂളിന്റെയും എൻഎസ്എസ് യൂണിറ്റിന്റെയും ഉപഹാരം മന്ത്രി സമ്മാനിച്ചു. വീട് നിർമിച്ച തൊഴിലാളികളെ പിടിഎ ആദരിച്ചു. സ്‌കൂളിലെ എട്ടിലും പ്ലസ് വണ്ണിനും പഠിക്കുന്ന രണ്ട് വിദ്യാർഥികളുടെ കുടുംബത്തിനാണ് വീട് കൈമാറിയത്. ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റ് നിർമിച്ചുനൽകുന്ന ആദ്യത്തെ വീടും വളാഞ്ചേരി ക്ലസ്റ്ററിലെ എട്ടാമത്തെ വീടുമാണ് കൈമാറിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here