HomeTechnologyഓടയും അഴുക്കുചാലും വൃത്തിയാക്കാൻ കുറ്റിപ്പുറത്തെ കുട്ടികളുടെ ‘യന്തിരൻ’

ഓടയും അഴുക്കുചാലും വൃത്തിയാക്കാൻ കുറ്റിപ്പുറത്തെ കുട്ടികളുടെ ‘യന്തിരൻ’

ഓടയും അഴുക്കുചാലും വൃത്തിയാക്കാൻ കുറ്റിപ്പുറത്തെ കുട്ടികളുടെ ‘യന്തിരൻ’

കുറ്റിപ്പുറം: ആൾനൂഴികളിലെ മാലിന്യംനീക്കുന്നതിനുള്ള കുറ്റിപ്പുറം എംഇഎസ് എൻജിനിയറിങ് കോളേജ് വിദ്യാർഥികളുടെ കണ്ടുപിടിത്തമാണ‌് ‘ബന്റികൂട്ട‌്’ (പെരുച്ചാഴി).വിവിധ ലോക ശാസ്ത്ര സമ്മേളനങ്ങളിൽ അംഗീകാരമാർജിച്ച ബന്റികൂട്ട‌് ഈയാഴ്ച പുതിയ അംഗീകാരം ഏറ്റുവാങ്ങുകയാണ്. 30ന് ശ്രീലങ്കയിലെ കൊളംബിയയിൽ ദക്ഷിണേഷ്യൻ യുവ സമ്മേളനത്തിൽ ബെസ്റ്റ് ഇൻസ്പിരേഷൻ അവാർഡ് സ്വീകരിക്കും ഈ ശാസ്ത്രപ്രതിഭകൾ. അടുത്ത മാസം സിംഗപ്പൂരിൽ നടക്കുന്ന ഇന്റർനാഷണൽ അച്ചീവേഴ്സ് കോൺഫറൻസിൽ പങ്കെടുക്കാനുള്ള ക്ഷണവും ലഭിച്ചിട്ടുണ്ട് നാലംഗ സംഘത്തിന‌്. നവ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ സ്റ്റാർടപ്പ‌് പദ്ധതിയുടെ പിന്തുണയിലുള്ള കണ്ടുപിടിത്തത്തിന‌് ദേശാന്തരങ്ങളിൽ ആവശ്യമേറുകയാണ‌്. എംഇഎസ് കോളേജ് വിദ്യാർഥികളായിരുന്ന എം കെ വിമൽഗോവിന്ദ്, അരുൺജോർജ്, കെ റാഷിദ്, എൻ പി നിഖിൽ എന്നിവരാണ് ആൾനൂഴി വൃത്തിയാക്കാൻ ആൾസഹായമില്ലാതെ പ്രവർത്തിക്കുന്ന യന്തിരൻ വികസിപ്പിച്ച യുവ എൻജിനിയർമാർ.
bandicoot
ആദ്യം പഠന പ്രൊജക്ട്, സ്റ്റാർടപ്പ് തണലിൽ വളർച്ച
എംഇഎസ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ‌് വിദ്യാർഥികളായിരുന്ന വിമലും അരുണും റാഷിദും നിഖിലും പഠനത്തിന്റെ ഭാഗമായാണ് നൂതനമായ കണ്ടെത്തലിലേക്ക് നീങ്ങിയത്. ജൻ റോബോടിക്സ് എന്ന യന്ത്രമാണ‌് ആദ്യം രൂപകൽപ്പനചെയ്തത്, 2015ൽ. വർക്ക‌് ഷോപ്പിൽനിന്നുള്ള അവശിഷ്ടങ്ങളുപയോഗിച്ച് പതിനാലടി ഉയരമുള്ള യന്തിരനാണ‌് നിർമിച്ചത‌്. ഒരു മനുഷ്യൻ ഉള്ളിൽക്കയറി ജോലിചെയ്യിക്കാവുന്ന റോബോട്ടായിരുന്നു അത്. സ്റ്റാർടപ്പ‌് കേരളയിൽ ജൻ റോബോടിക്സ് എന്ന സ്റ്റുഡന്റ‌് സ‌്റ്റാർട്ടപ‌് രജിസ്റ്റർചെയ്തു. ഇതിന്റെ രണ്ടാം തലമുറ അടുത്തവർഷം വികസിപ്പിച്ചു.
bandicoot
നൗഷാദിന്റെ ദുരന്തത്തിൽ തേങ്ങി ബന്റികൂട്ടിലേക്ക്
2015 നവംബർ 26ന് കോഴിക്കോട് നഗരത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ നൗഷാദ് മാൻഹോളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിൽ മരിച്ചതാണ് എൻജിനിയറിങ‌് വിദ്യാർഥികളെ പുതിയ കണ്ടുപിടിത്തത്തിലേക്ക‌് നയിച്ചത്. തങ്ങളുടെ കണ്ടെത്തലുമായി കേരള ജല അതോറിറ്റിയെ സമീപിച്ചു. നിറഞ്ഞ പിന്തുണകിട്ടി. തുടർന്ന് കേരള സ്റ്റാർടപ് മിഷന്റെ സഹായവും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പിട്ടു. അവിടുന്നാണ് ജൻ റോബോട്ട‌് ‘പെരുച്ചാഴി’യായി മാറുന്നത്. ആൾനൂഴിയിൽ ഇറങ്ങി പെരുച്ചാഴിയെപ്പോലെ പ്രവർത്തിക്കുന്നതിനാലാണ‌് ‘ബന്റികൂട്ട്’ എന്ന‌് പേരുനൽകിയത‌്. ആദ്യ യന്ത്രം ജല അതോറിറ്റിക്ക് കൈമാറി. തിരുവനന്തപുരം നഗരത്തിൽ പരീക്ഷണ ശുചീകരണം വിജയകരമായി. നൂറ‌് കിലോ ഭാരമുള്ളതിൽനിന്ന് 40 കിലോ കുറച്ചുള്ളതായി രണ്ടാം ബന്റികൂട്ട്. 7 വിഷൻ ക്യാമറയടക്കമുള്ളതിനാൽ വിജയകരമായി ഏത് ആൾനൂഴിയിലും പ്രവർത്തിപ്പിക്കാമെന്നുമായി. പേറ്റന്റെടുത്തതോടെ ഇതര സംസ്ഥാനങ്ങളിൽനിന്നും അന്വേഷണമായി. വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിക്കാനായി കിൻഫ്ര അപ്പാരൽ പാർക്കിൽ പ്രൊജക്ട‌് സെന്റർ തുടങ്ങി. രണ്ടുമാസത്തിനകം 20 ‘പെരുച്ചാഴി’ വിപണിയിലിറക്കി.
ഇന്നിപ്പോൾ ആന്ധ്ര, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിലെ നഗരസഭകൾ ‘ബന്റികൂട്ടി’ന്റെ ഉപയോക്താക്കളായുണ്ട്. ഷാർജ മുനിസിപ്പാലിറ്റിയുമായും ദുബായ് ഭരണാധികാരികളുമായും ധാരണയിലേർപ്പെട്ടതോടെ വിദേശത്തുമെത്തി. മാലിന്യംനീക്കാനുള്ള പുത്തൻ കണ്ടെത്തലിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും മുഖ്യമന്ത്രി പിണറായി വിജയനും സംരംഭകരെ അനുമോദിക്കയുണ്ടായി.
അംഗീകാരങ്ങൾ ഏറെ
ബിബിസിയും റോയിട്ടറും അൽ–-ജസീറയുമടക്കം അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഈ കണ്ടുപിടിത്തം ഇടംപിടിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അന്വേഷണവും അംഗീകാരവും വരുന്നുണ്ടെന്ന‌് അരുൺ ജോർജ് പറഞ്ഞു. സിംഗപ്പൂരിൽ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ മെക്കട്രോണിക്സ് ആൻഡ് മാനുഫാക്ചറിങ്ങിൽ മികച്ച പ്രബന്ധം, ഡിസംബറിൽ ബാങ്കോക്കിൽ സമ്മാനിക്കുന്ന ഫാസ്റ്റസ്റ്റ് ഗ്രോയിങ‌് ഇന്ത്യൻ കമ്പനി എക്സലൻസി അവാർഡ്, ഇന്ത്യ ഇന്നവേഷൻ ഗ്രോത്ത് പ്രോഗ്രാം വിന്നർ, ഏഷ്യ ഇൻസ്പിരേഷൻ അവാർഡ്, ഗൂഗിൾ ലോഞ്ച്പാഡ് ആക്സിലറേറ്റർ തുടങ്ങിയവ ‘ബന്റികൂട്ടി’ന‌് കിട്ടിയ അംഗീകാരങ്ങളിൽ ചിലതുമാത്രം. കേരളത്തിൽ ഉടൻ അഞ്ച് ‘ബന്റികൂട്ട്’കൂടി ഇറക്കുക, വർധിക്കുന്ന ആവശ്യത്തിനനുസൃതമായുള്ള ഉൽപ്പാദനശാല, കൂടുതൽ ലളിതവും ചെലവുകുറഞ്ഞതുമായ അടുത്ത തലമുറയന്ത്രം എന്നിങ്ങനെയുള്ള മോഹങ്ങളുമായി മുന്നോട്ടുനീങ്ങുകയാണ‌് യുവ എൻജിനിയർമാർ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!