വളാഞ്ചേരി: എം.ആര്‍ വാക്സിന്‍ ക്യാമ്പിനുനേരെ മുപ്പതോളം പേര്‍ ഉള്‍പ്പെട്ട സംഘം നടത്തിയ

ആക്രമണത്തില്‍ കുത്തിവെപ്പ് നല്‍കിയ നഴ്സിന് പരിക്കേറ്റു. എടയൂര്‍ പി.എച്ച്.സിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്(ജെ.പി.എച്ച്.എന്‍) ശ്യാമള (45) ന് ആണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ വളാഞ്ചേരി എടയത്തൂര്‍ അത്തിപ്പറ്റ ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന ക്യാമ്പിന് നേരെയാണ് അക്രമണം നടന്നത്.

ഉച്ചയ്ക്ക് 12.30 മണിക്ക് തുടങ്ങിയ ക്യാമ്പില്‍ പന്ത്രണ്ടോളം വിദ്യാര്‍ഥികള്‍ക്ക്  കുത്തിവെപ്പെടുത്തിരുന്നു. ഈ സമയത്താണ് സംഘടിച്ചെത്തിയ സംഘം ക്യാമ്പ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും അക്രമം നടത്തുകയും ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ശ്യാമളയുമായി വാക്കേറ്റമുണ്ടാക്കിയ സംഘം ഇവരോട് അശ്ലീലം പറയുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുടക്കുകയും തലയ്ക്ക് പിടിച്ച് തള്ളുകയും ചെയ്തു. നിലത്ത് വീണ് പരിക്കേറ്റ ശ്യാമള കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മുപ്പതോളം പേരടങ്ങിയ സംഘമാണ് സംഘടിച്ചെത്തിയത്.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സമുണ്ടാക്കരുതെന്ന് പറഞ്ഞെങ്കിലും ക്യാമ്പ് നടത്താന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് അക്രമിക്കുകയായിരുന്നു. ജീവനക്കാരുടെ പരാതിയില്‍ കണ്ടാലറിയാവുന്ന നിരവധി പേര്‍ക്കെതിരേ വളാഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും എല്ലാവരും ഒളിവില്‍ പോയിരിക്കുകയാണെന്ന് വളാഞ്ചേരി സി.ഐ ബഷീര്‍ സി ചിറക്കല്‍ അറിയിച്ചു.

Content highlights: mr vaccine camp athiptta