ദീപക്കിന്റെ മരണം; അറസ്റ്റിലായ ഷിംജിത മഞ്ചേരി സബ്ജയിലിൽ

മഞ്ചേരി : അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് ഗോവിന്ദപുരം സ്വദേശി യു. ദീപക് ആത്മഹത്യചെയ്ത കേസിൽ അറസ്റ്റിലായ ഷിംജിത മുസ്തഫ ഇനി മഞ്ചേരി സബ്ജയിലിലെ വനിതാസെല്ലിൽ രണ്ടാഴ്ച തടവിൽ കഴിയും. കോഴിക്കോട് കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ഷിംജിതയെ റിമാൻഡ് ചെയ്തത്.

കോഴിക്കോട്ടെ ജയിലിൽ വനിതാ തടവുകാരെ പാർപ്പിക്കാൻ സൗകര്യമില്ലാത്തതിനാലാണ് ഷിംജിതയെ മഞ്ചേരിയിലേക്ക് കൊണ്ടുവന്നതെന്നാണ് അറിയുന്നത്. മഞ്ചേരിയിലേക്ക് കൊണ്ടുവരുന്നതറിഞ്ഞ് ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ തന്നെ ജയിലിനുപുറത്ത് ആൾക്കൂട്ടമുണ്ടായിരുന്നു. ഒരുകൂട്ടം യൂത്ത് കോൺഗ്രസ് പ്രവർത്തകരും പിന്നാലെയെത്തി. അതിനിടെ കുന്നമംഗലം കോടതിയിൽനിന്ന് പോലീസ് ജീപ്പ് മഞ്ചേരിയിലേക്ക് പുറപ്പെട്ടിരുന്നു. യാത്രയ്ക്കിടെ അരീക്കോട് താലൂക്ക് ആശുപത്രിയിലെത്തിച്ച ഷിംജിതയെ അവിടെവെച്ച് ജയിലിലടയ്ക്കുന്നതിനു മുൻപുള്ള പരിശോധന പൂർത്തിയാക്കി.

ഡോ. സഫീനയുടെ നേതൃത്വത്തിലായിരുന്നു വൈദ്യപരിശോധന. രാത്രി ഏഴുമണിയോടെ പോലീസ് ജീപ്പ് ജയിലിനു മുൻപിലെത്തി. ഇതോടെ വാഹനത്തിനുനേരേ മുദ്രാവാക്യം മുഴക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാഞ്ഞടുത്തു. പ്രതിഷേധക്കാരെ തള്ളിമാറ്റിയാണ് ജയിലിന്റെ കവാടത്തിനരികിലേക്ക് പോലീസ് ജീപ്പിന് വഴിയൊരുക്കിയത്. ജയിൽ കവാടത്തിനരികെ ജീപ്പ് നിർത്തിയെങ്കിലും അവിടേക്കും പ്രതിഷേധക്കാർ ഓടിയെത്തിയതോടെ ജീപ്പിൽനിന്ന് പുറത്തിറക്കാൻ പോലീസ് പാടുപെട്ടു. പ്രവർത്തകരെ പിടിച്ചൊതുക്കിയാണ് ഷിംജിതയെ ജീപ്പിൽനിന്നിറക്കി ജയിലിലേക്കയച്ചത്. കോഴിക്കോട് ചേവായൂർ സ്റ്റേഷനിലെ മൂന്നുപോലീസുകാരും ഒരു വനിതാ പോലീസും ഉൾപ്പെടുന്ന സംഘമാണ് ജയിലിലേക്ക് കൊണ്ടുവന്നത്. ഇവരെ സഹായിക്കാൻ മഞ്ചേരി പോലീസും ഉണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
