കരിപ്പൂരിൽ ഒൻപതു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു; എത്തിച്ചയാൾ രക്ഷപ്പെട്ടു, സ്വീകരിക്കാനെത്തിയവർ അറസ്റ്റിൽ
കരിപ്പൂർ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒൻപതു കോടിയുടെ 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കരിപ്പൂർ പോലീസ് പിടികൂടി. വിമാനത്തിൽ കഞ്ചാവ് എത്തിച്ചയാൾ കടന്നുകളഞ്ഞെങ്കിലും ഇതു സ്വീകരിക്കാനെത്തിയ രണ്ടുപേർ അറസ്റ്റിലായി. കണ്ണൂർ മട്ടന്നൂർ ഇടവേലിക്കൽ കുഞ്ഞിപറമ്പത്ത് വീട്ടിൽ റിജിൽ (35), തലശ്ശേരി പെരുന്താറ്റിൽ ഹിമം വീട്ടിൽ റോഷൻ ആർ. ബാബു (33) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ അബുദാബിയിൽനിന്നെത്തിയ ഇത്തിഹാദ് എയർവേയ്സ് വിമാനത്തിലെ യാത്രക്കാരന്റെ ട്രോളി ബാഗിൽനിന്നാണ് 14 വാക്വം പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തത്.
വിമാനത്താവളത്തിൽ കഞ്ചാവ് ഏറ്റുവാങ്ങാനായി കാത്തുനിന്ന റോഷനും റിജിലുമാണ് ആദ്യം പിടിയിലായത്. വിമാനത്താവളത്തിൽ വെറുതെ കറങ്ങാനും ഫോട്ടോ എടുക്കാനുമാണ് വന്നതെന്നായിരുന്നു ഇവരുടെ മൊഴി. എന്നാൽ വിശദമായ ചോദ്യംചെയ്യലിൽ കഞ്ചാവ് കടത്തിനെക്കുറിച്ചുള്ള വിവരം ലഭിച്ചു. ബാങ്കോക്കിൽനിന്ന് അബുദാബി വഴി കരിപ്പൂരിൽ കഞ്ചാവുമായി എത്തുന്ന യാത്രക്കാരന്റെ ചിത്രങ്ങളും മറ്റുവിവരങ്ങളും റോഷന്റെ ഫോണിൽനിന്ന് പോലീസിനു ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, വിമാനത്തിൽ കഞ്ചാവ് എത്തിച്ചയാൾ ടാക്സിയിൽ പുറത്തേക്കു പോയതായി കണ്ടെത്തി. ഉടൻ ടാക്സി ഡ്രൈവറെ ഫോണിൽ ബന്ധപ്പെട്ട് വാഹനംനിർത്താൻ പോലീസ് ആവശ്യപ്പെട്ടു. വാഹനം രാമനാട്ടുകരയ്ക്കടുത്ത് എത്തിയിരുന്നു. അതിനിടെ പുകവലിക്കാനെന്ന വ്യാജേന വാഹനത്തിൽനിന്ന് ഇറങ്ങിയ യാത്രക്കാരൻ ഓടി രക്ഷപ്പെട്ടു. പിന്നീട് ഇയാളുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ലഗേജും ഹാൻഡ് ബാഗും കാറിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞയാളെ പിടികൂടാനായിട്ടില്ല. പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here