എടയൂർ കരേക്കാട് വൻ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി മൊത്ത കച്ചവടക്കാരൻ വളാഞ്ചേരി പോലീസിന്റെ പിടിയിൽ

എടയൂർ: എടയൂർ പഞ്ചായത്തിലെ കരേക്കാട് ചെങ്കുണ്ടൻപടിയിൽ വില്പനക്കായെത്തിച്ച 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. തൊഴുവാനൂർ കരിക്കത്തറ വീട്ടിൽ സജീനയുടെ മകൻ അഫ്സൽ എന്ന മുപ്പത്കാരനെയാണ് വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കരേക്കാട് ചെങ്കുണ്ടൻപടി നാല്പതുവീട് കോളനിയിൽ നിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡി.വൈ.എസ്.പി ബിജുവിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇതര സംസ്ഥാനത്ത് നിന്നാണ് ഇയാൾ കഞ്ചാവ് സംഘടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇയാൾക്ക് സഹായം നൽകിയവരെയും കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.
വളാഞ്ചേരി എസ്.എച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ എസ്. ഐ റാഫി, എ.എസ്.ഐമാരായ ജയപ്രകാശ്, ദീപക്, ബിജു, സി.പി.ഒമാരായ വിനീത്, ക്ലിന്റ്, ശ്രീജിത്ത്, ശൈലേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
