കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തൃക്കാർത്തിക മഹോത്സവത്തിന് തുടക്കമായി

കാടാമ്പുഴ: ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തൃക്കാർത്തിക മഹോത്സവത്തിന് ബുധനാഴ്ച
വൈകുന്നേരം സാംസ്കാരിക സമ്മേളനത്തോടെ തുടക്കമായി. ബുധനാഴ്ച വൈകുന്നേരം കാടാമ്പുഴ ദേവസ്വം ഡയാലിസിസ് സെന്റർ പരിസരത്ത് നിന്നും സാംസ്കാരിക ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് ക്ഷേത്ര പരിസരത്തെ പ്രത്യേകവേദിയിൽ ചേർന്ന സാംസ്കാരിക സമ്മേളനം സംസ്ഥാന റവന്യൂ ദേവസ്വം വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം ഐ എ എസ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസു മാസ്റ്റർ അധ്യക്ഷനായി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടിമന ഉണ്ണി നമ്പൂതിരിപ്പാട് അനുഗ്രഹവചനം നടത്തി. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി സി ബിജു മുഖ്യാതിഥിയായി പങ്കെടുത്തു. ഈ വർഷത്തെ തൃക്കാർത്തിക പുരസ്കാരം നേടിയ പത്മശ്രീ ഡോ. ആനന്ദ് ശിവമണിക്ക് വേണ്ടി അദ്ദേഹത്തിന്റെ പ്രതിനിധി അഭിജിത്ത് പുരസ്കാരം ഏറ്റുവാങ്ങി. മലബാർ ദേവസ്വം ബോർഡ് മെമ്പർമാരായ കെ സുധാകുമാരി, മലബാർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ പി ടി വിജയി, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണർ കെ കെ പ്രമോദ് കുമാർ, കാടാമ്പുഴ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വി കെ ശ്രീജേഷ്, കാടാമ്പുഴ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ പുതുമന മഠം ഹരിദാസ് എമ്പ്രാന്തിരി എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് കാടാമ്പുഴ ഭഗവതി ദേവസ്വം മാതൃ സമിതി അംഗങ്ങളെ ആദരിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടിമന ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചതോടെയാണ് സാംസ്കാരിക സമ്മേളനത്തിന് തുടക്കമായത്. ദക്ഷിണ സന്തോഷ് പ്രാർത്ഥന ചൊല്ലി. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എസ് രഞ്ജൻ സ്വാഗതവും ദേവസ്വം മാനേജർ കെ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് ദേവസ്വം റെസ്റ്റ് ഹൗസ് പരിസരത്ത് വെച്ച് മെഗാ തിരുവാതിരക്കളി അരങ്ങേറി. രാത്രിയിൽ നോർത്ത് പറവൂർ ഓംകാരം ഫ്യൂഷൻസ് അവതരിപ്പിച്ച വാദ്യലയതരംഗ് അരങ്ങേറി. മഹോത്സവത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച വൈകുന്നേരം 4 മുതൽ തിരുവാതിരക്കളി, ക്ലാസിക്കൽ ഡാൻസ്, ഭക്തിഗാനം എന്നിവ അരങ്ങേറും. തുടർന്ന് രാത്രി 8.30 ന് കഴക്കൂട്ടം തട്ടകം കലാ സാംസ്കാരിക വേദി അവതരിപ്പിക്കുന്ന ദൃശ്യാവിഷ്ക്കാരം വാഴക്കുല അവതരിപ്പിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
