സന്തോഷ് ട്രോഫി ഭാഗ്യചിഹ്നം പ്രകാശിപ്പിച്ചു

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരം ആഘോഷമാക്കുമെന്നും കാൽപ്പന്തുകളിയുടെ ആവേശമുണർത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രചാരണ വാഹനങ്ങൾ എത്തുമെന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സന്തോഷ് ട്രോഫി ഭാഗ്യചിഹ്നം പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.

ഉദ്ഘാടനമത്സരത്തിന്റെ തലേന്ന് മുൻകാല താരങ്ങൾക്കുള്ള ആദരമായി  സന്തോഷ് ട്രോഫിയിൽ പങ്കെടുത്ത ടീമുകൾ തമ്മിൽ സൗഹൃദ  മത്സരം സംഘടിപ്പിക്കും.
അഞ്ച് ലക്ഷം സ്കൂൾ കുട്ടികളെ മുൻകാല താരങ്ങൾ ഫുട്ബോൾ പരിശീലിപ്പിക്കുന്ന വൺ മില്യണ് ഗോൾ പദ്ധതി സന്തോഷ് ട്രോഫിക്കുശേഷം നടപ്പാക്കും.  കായികമേഖലയെ ശാക്തീകരിക്കാനുള്ള നടപടി തുടരുകയാണ്.
സന്തോഷ് ട്രോഫി മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കും ഫോട്ടോഗ്രാഫർമാർക്കും ഏറ്റവും മികച്ച ഷോട്ടുകൾ കണ്ടെത്തുന്ന വിഷ്വൽ മീഡിയയ്ക്കും അവാർഡുകളും മന്ത്രി പ്രഖ്യാപിച്ചു. തൃശൂർ  കേച്ചേരി സ്വദേശി വി ജെ  പ്രദീപ്കുമാറാണ് ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്തത്.

പി ഉബൈദുള്ള എംഎൽഎ അധ്യക്ഷനായി. എംഎസ്പി മുൻ കമാൻഡന്റ്  യു ഷറഫലി, മുൻ ജില്ലാ പൊലീസ് മേധാവി യു അബ്ദുൾകരീം, ദേശീയ ഫുട്ബോൾ താരം സക്കീർ, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എ ശ്രീകുമാർ, വൈസ് പ്രസിഡന്റ് വി പി അനിൽ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. പി അഷ്റഫ്, സെക്രട്ടറി ഡോ. പി എം സുധീർ കുമാർ, കലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റംഗം അഡ്വ. ടോം  കെ തോമസ് എന്നിവർ സംസാരിച്ചു. എഡിഎം എൻ എം മെഹറലി സ്വാഗതവും സ്പോർട്സ് കൗൺസിൽ ജില്ലാ സെക്രട്ടറി എച്ച് പി  അബ്ദുൾ മഹ്റൂഫ് നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									