സമരം പൂർണ്ണം; വളാഞ്ചരി, തിരൂർ ബസ് സ്റ്റാൻഡുകളിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ബസുകൾ ഇന്നും ഓടിയില്ല
വളാഞ്ചേരി : പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരൂർ, വളാഞ്ചരി ബസ് സ്റ്റാൻഡുകളിൽനിന്ന് ഓപ്പറേറ്റ് ചെയ്യുന്ന സ്വകാര്യബസുകൾ വ്യാഴാഴ്ചയും സർവീസ് നടത്തിയില്ല. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുകയെന്ന പോലീസിന്റെ പതിവുരീതി വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ബസ് ജീവനക്കാർക്കെതിരേ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റായ നടപടികൾക്കെതിരേ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പണിമുടക്കിയ സിഐടിയു, എസ്ടിയു, ബിഎംഎസ് തൊഴിലാളി സംഘടനാ നേതാക്കൾ പറഞ്ഞു.
പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരൂർ, വളാഞ്ചരി ബസ് സ്റ്റാൻഡുകളിൽനിന്ന് ഓപ്പറേറ്റ് ചെയ്യുന്ന സ്വകാര്യബസുകൾ വ്യാഴാഴ്ചയും സർവീസ് നടത്തില്ലെന്ന് സംഘടനാ ഭാരവാഹികളായ റാഫി തിരൂർ, ജാഫർ ഉണ്യാൽ, സച്ചിദാനന്ദൻ എന്നിവർ പറഞ്ഞു. പ്രതികാരനടപടികളിൽനിന്ന് പോലീസ് പിന്മാറിയില്ലെങ്കിൽ ജില്ലയിലെ മുഴുവൻ സ്വകാര്യബസുകളും ഓട്ടം നിർത്തുന്നതും ആലോചിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
വളാഞ്ചേരിയിലെ ഒരു കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാർഥിനിയെ കഴിഞ്ഞ ദിവസം ബസിൽവെച്ച് യാത്രക്കാരൻ ദേഹോപദ്രവം നടത്തിയിരുന്നു. സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടി. കണ്ടക്ടറോട് പരാതി പറഞ്ഞിട്ടും അത് ചെവിക്കൊണ്ടില്ലെന്നും യാത്രക്കാരൻ കാവുംപുറത്ത് ഇറങ്ങിപ്പോകുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷ ബസ് ജീവനക്കാരുടെ ഉത്തരവാദിത്വമാണെന്നിരിക്കെ തെറ്റ് ചെയ്തയാളെ രക്ഷപ്പെടാൻ അനുവദിക്കുകയാണ് കണ്ടക്ടർ ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിക്കായുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ ബഷീർ സി. ചിറക്കൽ പറഞ്ഞു. പ്രതിയെ പിടികൂടുന്നതോടെ കണ്ടക്ടർക്കെതിരേയും കേസെടുക്കും. പിടിച്ചെടുത്ത ബസ് കോടതിയിൽ ഹാജരാക്കിയെന്നും അദ്ദേഹം പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here