രണ്ടാം ദിവസവും ബസ് പണിമുടക്ക്; ദുരിതത്തിലായി യാത്രക്കാർ
വളാഞ്ചേരി : രണ്ടുദിവസമായി ബസ് തൊഴിലാളികൾ നടത്തുന്ന സമരം സാധാരണക്കാരായ യാത്രക്കാരെയും വിദ്യാർഥികരെയും പൊതുജനത്തെയും സാരമായി ബാധിച്ചു. ആദ്യദിവസമായ ബുധനാഴ്ച വളാഞ്ചേരി -തിരൂർ റൂട്ടിൽ മാത്രമായിരുന്നു സമരം നടന്നത്. എന്നാൽ വ്യാഴാഴ്ച വളാഞ്ചേരി, തിരൂർ ബസ് സ്റ്റാൻഡുകളിൽനിന്ന് ഒരു ബസും സർവീസ് നടത്തിയില്ല. ഈ രണ്ട് സ്റ്റാൻഡുകളിൽനിന്നായി 520 ബസുകളാണ് സർവീസ് നടത്തേണ്ടിയിരുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. വളാഞ്ചേരിയിൽനിന്ന് പെരിന്തൽമണ്ണ, പട്ടാമ്പി, കോട്ടയ്ക്കൽ, കുറ്റിപ്പുറം, കാടാമ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഉൾനാടുകളിലേക്കും സർവീസ് നിലച്ചതാണ് എല്ലാ വിഭാഗം യാത്രക്കാരേയും വലച്ചത്. അതിനിടെ വളാഞ്ചേരി സ്റ്റാൻഡിൽനിന്ന് ആസ്പത്രികളുടെ നഗരമായ പെരിന്തൽമണ്ണയിലേക്ക് ഏതാനും കെഎസ്ആർടിസി ബസുകളോടിയത് ആശ്വാസമായി.
തിരൂരിൽനിന്ന് വളാഞ്ചേരിയിലേക്ക് വരുന്ന ഒരു കോളേജ് വിദ്യാർഥിനിയെ യാത്രക്കാരൻ ബസിൽവെച്ച് ദേഹോപദ്രവം നടത്തിയത് കണ്ടക്ടറോട് പരാതിപ്പെട്ടിട്ടും ഗൗനിച്ചില്ലെന്നും യാത്രക്കാരൻ ബസിൽനിന്ന് ഇറങ്ങിപ്പോയെന്നും പെൺകുട്ടി വളാഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ബസ് പോലീസ് സ്‌റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോവുകയും കണ്ടക്ടറെ പ്രതി ചേർക്കാനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ബുധനാഴ്ച മുതൽ സമരം നടക്കുന്നത്. പെൺകുട്ടിയെ ഉപദ്രവിച്ചശേഷം ബസിൽനിന്ന് കാവുംപുറത്ത് ഇറങ്ങിപ്പോയ യാത്രക്കാരന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരുകയാണ്. കസ്റ്റഡിയിലെടുത്ത ബസ് അതിന്റെ ഉടമയ്ക്ക് കോടതിയിൽ അപേക്ഷ നൽകി വാങ്ങാമെന്നും വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ ബഷീർ സി. ചിറക്കൽ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here