പകരനെല്ലൂർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു
കുറ്റിപ്പുറം : പഞ്ചായത്തിലെ പകരനെല്ലൂർ സ്റ്റേഡിയം ഉത്സവാന്തരീക്ഷത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരി മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. വേലായുധൻ, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ, കെ.വി. റമീന, ഫസീന അഹമ്മദ്കുട്ടി, പരപ്പാര സിദ്ദിഖ്, കെ.ടി. സിദ്ദീഖ്, സി.കെ. ജയകുമാർ, കല്ലിങ്ങൽ മൊയ്തീൻകുട്ടി, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, വി.കെ. രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
പകരനെല്ലൂരിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള അരയേക്കറോളം വരുന്ന സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിച്ചത്. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ നിയോജകമണ്ഡലം ആസ്തിവികസ ഫണ്ടിൽനിന്ന് രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 92 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമിച്ചത്.
പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽനിന്ന് 21 ലക്ഷം രൂപയുടെ പ്രവൃത്തികളും ഇവിടെ നടന്നു. സ്റ്റേഡിയത്തിന്റെ പ്രതലം നിരത്തി ലവലിങ് ചെയ്ത് വിവിധ കായികമത്സരങ്ങൾക്കായി പാകപ്പെടുത്തിയിട്ടുണ്ട്. നാല് വശങ്ങളിലും നാല് മീറ്റർ ഉയരത്തിൽ തൂണുകൾ നിർമ്മിച്ച് അതിന് മുകളിൽ ആറ് മീറ്റർ ഉയരത്തിൽ സ്റ്റീൽ സ്ക്വയർ പൈപ്പുകൾ സ്ഥാപിച്ച് ഫെൻസിങ്ങും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ഗോൾ പോസ്റ്റുകളും ഒരു നിരയിൽ 30 പേർക്ക് ഇരിക്കാൻ പറ്റുന്നവിധം അഞ്ച് നിരകളിലായി 150 പേർക്ക് ഇരിക്കാൻകഴിയുന്ന 26 മീറ്റർ നീളത്തിലുള്ള ഗാലറിയും ഗ്രൗണ്ടിനകത്ത് നിർമ്മിച്ചിട്ടുണ്ട്.
പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പ്രധാന പാതയിൽനിന്ന് സ്റ്റേഡിയത്തിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുകയും സ്റ്റേഡിയത്തിൽ ഡ്രസ്സിങ് റൂം, ശൗചാലയസംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. കുറ്റിപ്പുറം പഞ്ചായത്തിന് സ്വന്തമായി ഒരു സ്റ്റേഡിയം എന്ന സ്വപ്നത്തോടൊപ്പം കായികപ്രേമികളുടെ ചിരകാലാഭിലാഷംകൂടിയാണ് ഇതിലൂടെ പൂവണിഞ്ഞത്. ഉദ്ഘാടനത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്രയും ഗാനമേളയുമുണ്ടായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here