വളാഞ്ചേരിയിലെ നിപ സാഹചര്യം; പ്രതികരണവുമായി നഗരസഭ ചെയർമാൻ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ താണിയപ്പൻകുന്ന് സ്വദേശിനിക്ക് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ. രോഗി കഴിഞ്ഞ ഏപ്രിൽ മാസം 25 ന് പനിയെ തുടർന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. പനി മാറാത്ത സാഹചര്യത്തിൽ വീണ്ടും 29 ന് വളാഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും മെഡിക്കൽ ഓഫീസർ മെഡിക്കൽ കോളേജിലേക്ക് ചികിത്സതേടുന്നതിനായി നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവർ പെരിന്തൽമണ്ണ ഇ.എം.എസ്സ് ഹോസ്പിറ്റലിൽ ചികിത്സതേടുകയായിരുന്നു.ആദ്യഘട്ടത്തിൽ മഞ്ഞപ്പിത്തം,ഡങ്കിപ്പനി എന്നിവയാണ് പരിശോധന നടത്തിയത് എങ്കിലും പനി മാറാത്ത സാഹചര്യത്തിൽ നിപ പരിശോധനക്കായി കഴിഞ്ഞ ദിവസം പൂനെ വൈറോളജി ലാബിലേക്ക് സ്രവം പരിശോധനക്കായി സാമ്പിളയക്കുകയും നിപ സ്ഥിതീകരിക്കുകയുമാണ് ചെയ്തത്. ഇവരുടെ മകൾക്കും പേരകുട്ടിക്കും പനി ഉണ്ടായിരുന്നു എങ്കിലും ഇവർ രണ്ടു പേരുടേയും ഫലം നെഗറ്റീവാണ്. നിലവിൽ രോഗി ഒരാഴ്ചത്തോളമായി ഇ.എം.എസ്സ് ഹോസ്പിറ്റലിൽ വെൻ്റിലേറ്ററിലാണ്. രോഗിയുമായി സമ്പർക്കമുള്ളവരോട് അവരുടെ വീടുകളിൽ തന്നെ ഒരാഴ്ചത്തേക്ക് ഐസേലേഷനിൽ കഴിയാൻ വളഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ വിഭാഗം സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷിച്ചു വരികയാണ്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ മലപ്പുറം കലക്ട്രേറ്റിൽ യോഗം ചേർന്ന് കൊണ്ടിരിക്കുന്നു. നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉടനെ പത്ര സമ്മേളനം നടത്തി അറിയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here