തദ്ദേശ തിരഞ്ഞെടുപ്പ്; വളാഞ്ചേരി നഗരസഭയിൽ പരാജയപ്പെട്ട പ്രമുഖർ

വളാഞ്ചേരി: ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വളാഞ്ചേരി നഗരസഭ പൂർവാധികം ശക്തമായി നിലനിർത്തിയിരിക്കുകയാണ് യു.ഡി.എഫ് മുന്നണി. പ്രതിപക്ഷം ഉയർത്തിവിട്ട ആരോപണങ്ങൾ ജനങ്ങൾ മുഖവിലക്ക് എടുത്തില്ല എന്നതും കഴിഞ്ഞ ഭരണസമിതി നടപ്പാക്കിയ വികസനങ്ങൾ കൃത്യമായ രീതിയിൽ ഉയർത്തി കാണിക്കാൻ കഴിഞ്ഞു എന്നതുമാണ് യു.ഡി.എഫ് നേടിയ തുടർഭരണത്തിന്റെ കാരണമായി പൊതുവിൽ വികയിരുത്തപ്പെടുന്നത്. ഭരണസമിതിയുടെ പോരായ്മകൾ ഉയർത്തികൊണ്ടുവരുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടു എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ഭരണസമിതിയിലെ പ്രതിപക്ഷ കൗൺസിലറുടെ സമൂഹമാധ്യമ കുറിപ്പ് ഇതിന് ഉദാഹരണമാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വളാഞ്ചേരി നഗരസഭയിലേക്ക് മത്സരിച്ചവരിൽ ദേശീയ നേതാക്കൾ വരെയുണ്ട്. പരാജയപ്പെട്ട പ്രമുഖർ ആരെല്ലാം എന്നറിയാം.
1. ഫൈസൽ അലി തങ്ങൾ: ഇടതുപക്ഷത്തു നിന്ന് ലഭിക്കാവുന്ന ഒരു മികച്ച സ്ഥാനാർത്ഥിയായി കണക്കാക്കപ്പെടുന്ന നേതാവാണ് സിറ്റിംഗ് കൗൺസിലർ കൂടിയായ ഫൈസൽ അലി തങ്ങൾ. ജനതാദൾ ദേശീയ നിർവാഹക സമിതി അംഗം കൂടിയായ ഇദ്ദേഹത്തിന്റെ പരാജയം ഇടത് പക്ഷത്തിനേറ്റ കനത്ത പ്രഹരമാണ്. മികച്ച പ്രകടനം ആയിരുന്നു നിലവിലെ ഭരണസമിതിയുടെ കാലത്ത് ഇദ്ദേഹം നടത്തിയിരുന്നത്. ഇടത്പക്ഷം ഏറെ പ്രതീക്ഷ വച്ച സിറ്റിംഗ് സീറ്റ് കൂടിയായ ഡിവിഷൻ ഒന്നിൽ വലിയ തോൽവി ആയിരുന്നു ഇദ്ദേഹം ഏറ്റുവാങ്ങിയത്. മുസ്ലിം ലീഗിലെ മുജീബ് വാലാസി എന്ന മറ്റൊരു സിറ്റിംഗ് കൗൺസിലറോടാണ് ഇദ്ദേഹം പരാജയപ്പെട്ടത്.
2. എൻ വേണുഗോപാലൻ: സി.പി.എം വളാഞ്ചേരി ഏരിയ കമ്മിറ്റി അംഗമായ ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് മികച്ച ഒരു മത്സരമാണ് ഡിവിഷൻ 21 പൈങ്കണ്ണൂരിൽ നടന്നത്. കോൺഗ്രസ് സിറ്റിംഗ് സീറ്റിൽ നിലവിലെ കൗൺസിലറുടെ ഭർത്താവിനോടാണ് വേണുഗോപാലൻ അടിയറവ് പറഞ്ഞത്.
3. കെ. ഫാത്തിമക്കുട്ടി: വളാഞ്ചേരി നഗരസഭ രൂപീകരണം സമയത്ത് മുസ്ലിം ലീഗ് കൗൺസിലറായി വിജയിച്ച് സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗമായിരുന്ന നേതാവാണ് കെ ഫാത്തിമക്കുട്ടി. വനിതാ ലീഗ് നേതാവുമായിരുന്നു ഇവർ. എന്നാൽ, ഇത്തവണ സീറ്റ് നിർണ്ണയ തർക്കത്തിൽ പ്രതിഷേധിച്ച് നഗരസഭ ചെയർമാന്റെ ഡിവിഷനിൽ ഇടത് സ്വതന്ത്രയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ഡിവിഷനിലാണ് ഇത്തവണ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ പരാജയപ്പെട്ടത്.
4. കെ.എം ഉണ്ണികൃഷ്ണൻ: ആദ്യ മുനിസിപ്പൽ ഭരണ സമിതിയിലെ വൈസ് ചെയർപേഴ്സൺ പദവി അലങ്കരിച്ച കോൺഗ്രസ് നേതാവായൊരുന്നു കെ.എം ഉണ്ണികൃഷ്ണൻ. കഴിഞ്ഞ തവണ മൈലാടി ഡിവിഷനിൽ ഇദ്ദേഹത്തെ അട്ടിമറിച്ചാണ് ചരിത്രത്തിൽ ആദ്യമായി വളാഞ്ചേരി നഗരസഭയിൽ ബി.ജെ.പി അക്കൗണ്ട് തുറന്നത്. എന്നാൽ, ഇത്തവണ താമരക്കുളം ഡിവിഷൻ ഇടത് പക്ഷത്ത് നിന്നും സീറ്റ് തിരിച്ച് പിടിക്കാൻ പാർട്ടി ഇദ്ദേഹത്തെയാണ് നിയോഗിച്ചതും. എന്നാൽ ബി.ജെ.പിക്കും പിറകിൽ മൂന്നാമതായി ഇദ്ദേഹം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
