റെയിൽവേയുടെ ഉന്നതസംഘം കോമ്പോസിറ്റ് ഗർഡർ പരിശോധിച്ചു
കുറ്റിപ്പുറം : റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥസംഘം കുറ്റിപ്പുറത്ത് റെയിൽവേ മേൽപ്പാലത്തിൽ കോമ്പോസിറ്റ് ഗർഡർ പരിശോധന നടത്തി. ചെന്നൈ ആസ്ഥാനത്തെ ബ്രിഡ്ജസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീനിവാസവലു, അസിസ്റ്റന്റ് എൻജിനീയർ രാജീവ് മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് പരിശോധന നടന്നത്. ഗർഡർ സ്ഥാപിക്കുന്ന പ്രവർത്തനരീതിയും ഗർഡറിന്റെ സുരക്ഷാപരിശോധനയുമാണ് പ്രധാനമായും നടന്നത്. സുരക്ഷാപരിശോധനയിൽ ഉദ്യോഗസ്ഥസംഘം തൃപ്തി രേഖപ്പെടുത്തി.
തുടർന്ന് ഗർഡർ സ്ഥാപിക്കാനുള്ള തുടർപ്രവർത്തനങ്ങൾക്ക് അനുമതി നൽകി. വെള്ളിയാഴ്ച ഗർഡർ സ്ഥാപിക്കുന്നിടത്ത് സന്ദർശനം നടത്തിയ മെട്രോമാൻ ഇ. ശ്രീധരൻ ഗർഡർ സ്ഥാപിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്നും അതിനുള്ള സമയം പകൽ ആക്കണമെന്നും നൽകിയ നിർദേശം റെയിൽവേ അധികൃതർ സ്വീകരിക്കാനുള്ള സാധ്യത ഏറി. കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ നാല് റെയിൽപ്പാതകൾ ഉള്ളതിനാൽ ഗർഡർ നീക്കുന്നതിനനുസരിച്ച് രണ്ട് റെയിൽപ്പാതകൾ വഴി മാത്രം തീവണ്ടികൾ കടന്നുപോകാൻ സംവിധാനമൊരുക്കിയാൽ പകൽസമയത്തും കൂടുതൽ സമയമെടുത്തും ഗർഡർ സ്ഥാപിക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
അടുത്തയാഴ്ച ഈ കാര്യങ്ങളിലെല്ലാം റെയിൽവേ അധികൃതർ തീരുമാനമെടുത്തതിനുശേഷം ഗർഡർ സ്ഥാപിക്കുന്ന ദിവസം തീരുമാനിക്കാനാണു സാധ്യത. വ്യാഴാഴ്ച രാത്രി ഗർഡർ സ്ഥാപിക്കാൻ തുടങ്ങിയെങ്കിലും ഗർഡർ ഹൈഡ്രോളിക് ജാക്കികൾ ഉപയോഗിച്ച് വലിക്കുന്നതിനിടയിൽ സപ്പോർട്ടിങ് പ്ളേറ്റുകൾക്ക് തകരാർ സംഭവിച്ചു. ഇതോടെ ഗർഡർ സ്ഥാപിക്കുന്ന ജോലികൾ തടസ്സപ്പെട്ടു.വെള്ളിയാഴ്ച രാത്രി 12 മണിവരെ നീണ്ട ശ്രമത്തിനിടയിൽ 10 മീറ്ററോളം മാത്രമാണ് ഗർഡർ മുന്നോട്ടുനീക്കാൻ കഴിഞ്ഞത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here