കുറ്റിപ്പുറം ആറുവരിപ്പാതയിലെ വാഹനാപകട മേഖലയിൽ താത്കാലികമായി വേഗതാനിയന്ത്രണ സംവിധാനം സ്ഥാപിച്ചു
കുറ്റിപ്പുറം : ദേശീയപാതാ 66-ൽ കുറ്റിപ്പുറം ആറുവരിപ്പാതയിലെ ജങ്ഷനിലെ വാഹനാപകടം കുറയ്ക്കുന്നതിനായി താത്കാലിക വേഗതാനിയന്ത്രണ സംവിധാനം സ്ഥാപിച്ചു. പ്ളാസ്റ്റിക് വീപ്പകൾകൊണ്ട് താത്കാലിക ഡിവൈഡറുകൾ സ്ഥാപിച്ചാണ് വേഗത നിയന്ത്രിക്കുന്നത്. ഇവിടുത്തെ വാഹനാപകട സാധ്യതയുടെ ഭീകരാവസ്ഥ കുറ്റിപ്പുറത്തെ യുണൈറ്റഡ് ക്ളബ്ബ് പ്രവർത്തകർ കരാർ കമ്പനിയായ കെഎൻആർ എൽസിയുടെ പ്രോജക്ട് കോഡിനേറ്റർ വെങ്കിട്ട റെഡ്ഢിയെ സ്ഥലത്തെത്തിച്ച് ബോധ്യപ്പെടുത്തിയതിനെത്തുടർന്നാണ് വേഗ നിയന്ത്രണത്തിന് താത്കാലികമായ സംവിധാനം ഒരുങ്ങിയത്.
ദേശീയപാതയിലൂടെ വളാഞ്ചേരി ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും കുറ്റിപ്പുറം നഗരത്തിലേക്ക് പ്രവേശിക്കുന്നത് പൊന്നാനി ഭാഗത്തേക്കുപോകുന്ന ഭാഗത്തിന്റെ വലത് ഭാഗത്തുകൂടി യു ടേൺ എടുത്ത് താഴെ ഹൈവേ ജങ്ഷനിലേക്കുള്ള സർവീസ് റോഡ് വഴിയാണ്. നിലവിലെ റെയിൽവേ മേൽപ്പാലംവഴി കുറ്റിപ്പുറം നഗരത്തിലേക്ക് ടൗണിലേക്ക് പ്രവേശിക്കാനുള്ള സർവീസ് റോഡിന്റെ പണിപൂർത്തിയാകാത്തത് മൂലമാണ് യുടേണെടുത്ത് വാഹനങ്ങൾ കടന്നുവരുന്നത്. യു ടേൺ എടുക്കുന്ന ഭാഗത്താണ് വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുന്നത്. യുടേൺ എടുക്കുന്ന വാഹനവും എതിരേവരുന്ന വാഹനവും തമ്മിലാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് ക്ലബ്ബ് പ്രവർത്തകർ കഴിഞ്ഞ ആഴ്ച കരാർ കമ്പനിയെ സമീപിക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here