തിരുനാവായ കുംഭമേള: താത്കാലികപാലത്തിന്റെ ബലം കൂട്ടും

തിരുനാവായ : മഹാമാഘമഹോത്സവം നടക്കുന്ന ഭാരതപ്പുഴയിൽ നിർമിച്ച താത്കാലികപാലത്തിന്റെ ബലപരിശോധന നടത്തി. ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് പൊതുമരാമത്തുവകുപ്പ് മലപ്പുറം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ വിനോദ് കുമാർ ചാലിൽ, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ബുധനാഴ്ചയെത്തി പരിശോധന നടത്തിയത്.

പാലം ബലപ്പെടുത്താനുള്ള നിർദേശങ്ങൾ ഉദ്യോഗസ്ഥസംഘം സംഘാടകരെ അറിയിച്ചു. കൂടുതൽ താങ്ങുകൾ കൊടുക്കണം. മധ്യഭാഗത്തായി സ്റ്റീൽദണ്ഡുവെച്ച് ഉറപ്പുകൂട്ടണം. കുട്ടികളും പ്രായമായവരുമെല്ലാമെത്തുന്നതിനാൽ അപകടമുണ്ടാകാതിരിക്കാൻ പാലത്തിന്റെ കൈവരികളിൽ നെറ്റ് ഇടണം, കരയോടുചേർന്ന ഭാഗത്ത് കൂടുതൽ മണൽച്ചാക്കുകൾ വെയ്ക്കണം തുടങ്ങിയവയാണ് നിർദേശങ്ങൾ. നിർദേശങ്ങൾക്ക് അനുസൃതമായി പാലം ബലപ്പെടുത്തുന്ന ജോലികൾ ബുധനാഴ്ചതന്നെ ആരംഭിച്ചതായി മേളയുടെ ചീഫ് കോഡിനേറ്റർ കെ. കേശവദാസ്, ചെയർമാൻ അരീക്കര സുധീർ നമ്പൂതിരി എന്നിവർ അറിയിച്ചു.

താത്കാലികപാലത്തിലൂടെ ഒരേസമയം 150 പേർവീതം (ഇരുഭാഗത്തേക്കുമായി) കടന്നുപോകാം. 300 പേരെ ഒരേസമയം താങ്ങാവുന്നതരത്തിലാണ് പാലം പണിതത്. പരിപാടിക്കുമുൻപ് പുഴയ്ക്കു നടുവിലെ മണപ്പുറത്തേക്കും പരിപാടിക്കുശേഷം പുറത്തേക്കും മാത്രം ആളുകളെ വിടുകയാണെങ്കിൽ കൂടുതൽ പ്രയോജനപ്പെടുമെന്ന നിർദേശം സംഘാടകർ മുന്നോട്ടുവെച്ചു. പോലീസിന്റെ സാന്നിധ്യത്തിൽ കർശന നിയന്ത്രണത്തോടെയാകണം ഇതെന്നും സംഘാടകർ നിർദേശിച്ചു. പുഴയിലൂടെ ബോട്ടിൽ സഞ്ചരിച്ച് ഉൾപ്പെടെ രണ്ടുമണിക്കൂറോളമെടുത്ത് വിശദമായ പരിശോധനയാണ് ഉദ്യോഗസ്ഥസംഘം നടത്തിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
