കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പുതിയ നേത്രരോഗ ഒ.പി. തീയേറ്റർ ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറം: കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പുതിയ നേത്രരോഗ ഒ പി തിയേറ്റർ ബ്ലോക്കിന്റെ ഉദ്ഘാടനവും നബാർഡ് മാസ്റ്റർ പ്ലാൻ ബിൽഡിങ് തറക്കല്ലിടൽ കർമ്മവും ആരോഗ്യമന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു. വളാഞ്ചേരി, പൊന്മള, കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും പരിപാടിയിൽ നടന്നു.
എൻഎച്ച്എം ഫണ്ടിൽ നിന്നും 1. 54 കോടി ചെലവഴിച്ചാണ് നേത്രരോഗ വിഭാഗത്തിൻ്റെ പുതിയ ഒ. പി, തിയേറ്റർ കെട്ടിടം നിർമിച്ചത്. നബാർഡ് അനുവദിച്ച 17. 85 കോടി വകയിരുത്തിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. നിർമ്മാണം പൂർത്തിയായാൽ അത്യാഹിത വിഭാഗം, ഫാർമസി, സ്റ്റോർ, ഒപി വിഭാഗം, ഓഫീസ് എന്നിവ പുതിയ കെട്ടിടത്തിൻ്റെ ആദ്യ നിലയിൽ പ്രവർത്തിക്കും. രണ്ടാം നിലയിൽ ഓപറേഷൻ തിയേറ്റർ, ലേബർ റൂം, അനസ്തേഷ്യ റൂം, ഐസിയു എന്നിവയും മൂന്നാം നിലയിൽ കുട്ടികളുടെ വാർഡ്, നഴ്സസ് സ്റ്റേഷൻ എന്നിവയും നാലാം നിലയിൽ മെഡിക്കൽ വാർഡും ഉണ്ടാവും. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ. ജെ റീന, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീറ പറത്തൊടി, ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പിസിഎ നൂർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം വി വേലായുധൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സാബിറ എടത്തടത്തിൽ, ഒ. കെ സുബൈർ, ഫസൽ അലി പൂക്കോയ തങ്ങൾ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക, പ്രോഗ്രാം ഓഫീസർ ഡോ. ടിഎൻ അനൂപ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പിവി ഷിൽജി, പി ഡബ്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ഇസ്മയിൽ, താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. എസ് ഹരീഷ് എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here