HomeNewsPoliticsകുറ്റിപ്പുറത്ത് പഞ്ചായത്ത് യോഗത്തിൽ കൈയാങ്കളിയും അസഭ്യവർഷവും: വനിതാ അംഗങ്ങൾ ഇറങ്ങിപ്പോയി

കുറ്റിപ്പുറത്ത് പഞ്ചായത്ത് യോഗത്തിൽ കൈയാങ്കളിയും അസഭ്യവർഷവും: വനിതാ അംഗങ്ങൾ ഇറങ്ങിപ്പോയി

Kuttippuram-Bus-stand

കുറ്റിപ്പുറത്ത് പഞ്ചായത്ത് യോഗത്തിൽ കൈയാങ്കളിയും അസഭ്യവർഷവും: വനിതാ അംഗങ്ങൾ ഇറങ്ങിപ്പോയി

കുറ്റിപ്പുറം: പഞ്ചായത്ത് ഓഫീസിൽ ഭരണസമിതി യോഗത്തിനിടെ ലീഗ് നേതാക്കളായ ടി കെ മുഹമ്മദ്കുട്ടിയും പരപ്പാര സിദ്ദീഖും തമ്മിൽ പോർവിളിയും കൈയാങ്കളിയും. സംഘർഷം രൂക്ഷമായതോടെ യോഗം നിർത്തി. അസഭ്യവർഷവും വാക്കേറ്റവും  രൂക്ഷമായതോടെ, കഴിഞ്ഞദിവസം നടന്ന യോഗത്തിൽനിന്ന് വനിതാ അംഗങ്ങൾ ഇറങ്ങിപ്പോയി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി വിഭാഗത്തിന്റെ നേതാവുമായ ടി കെ മുഹമ്മദ്കുട്ടിയും പഞ്ചായത്ത് ലീഗ് കമ്മിറ്റിയുടെ മുൻ സെക്രട്ടറിയും നാലാം വാർഡംഗവുമായ സിദ്ദീഖും തമ്മിൽ രണ്ടുവർഷമായി തുടരുന്ന ചേരിപ്പോരാണ് കൈയാങ്കളിയിലെത്തിയത്.

കെഎംസിസി വിഭാഗത്തിന്റെ പ്രതിനിധിയായ വസീമ വേളേരിയെ മാറ്റി സിദ്ദീഖ് പക്ഷ നോമിനിയായ ടി സി ഷമിലയെ ഒരുമാസം മുമ്പ് പഞ്ചായത്ത് പ്രസിഡന്റാക്കി. വോട്ടിങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന് ഭീഷണിമുഴക്കിയ കെഎംസിസി പക്ഷത്തെ അഞ്ചംഗങ്ങളെ അനുനയിപ്പിക്കാൻ, സയ്യിദ് ലുഖ്മാൻ തങ്ങൾ പ്രസിഡന്റും സിദ്ദീഖ് സെക്രട്ടറിയുമായ പഞ്ചായത്ത് ലീഗ് കമ്മിറ്റിയെ ജില്ലാ പ്രസിഡന്റ് പിരിച്ചുവിട്ടിരുന്നു.

ഒരാഴ്ചമുമ്പ്  നടന്ന ഭരണസമിതി യോഗത്തിൽ നിലവിലുള്ള പ്രസിഡന്റ്  നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതിയിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷത്തെ എട്ട് സിപിഐ എം അംഗങ്ങൾ ചൂണ്ടിക്കാട്ടി.

പിന്തുണയുമായി കെഎംസിസി പക്ഷത്തെ അംഗങ്ങളായ ടി കെ മുഹമ്മദ്കുട്ടി, മുൻ പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ ടി റംല എന്നിവരും കോൺഗ്രസ് നേതാവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണുമായ ലത മാരായത്തുംകൂടി ചേർന്നതോടെ പ്രസിഡന്റ് ഒറ്റപ്പെട്ടു.

പട്ടികജാതി കുടുംബങ്ങൾക്ക് ഗുണനിലവാരം കുറഞ്ഞ 150 വാട്ടർ ടാങ്കുകൾ വാങ്ങാനുള്ള തീരുമാനം ഇതോടെ റദ്ദാക്കി. ഇക്കാര്യത്തിൽ ഉടലെടുത്ത  തർക്കമാണ് ബുധനാഴ്ച ലീഗ് നേതാക്കളുടെ ഏറ്റുമുട്ടൽ കൈയാങ്കളിലേക്ക് നീങ്ങാൻ കാരണം.

ഭരണസമിതി യോഗം വിളിച്ചുചേർത്തത് നിയമാനുസൃതമായി അറിയിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ എം അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ചിരുന്നു. അഴിമതിക്ക് മറപിടിക്കാനാണ് തിടുക്കപ്പെട്ട് യോഗം വിളിച്ചതെന്നും ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം  വേണമെന്നും സിപിഐ എം അംഗങ്ങൾ ആവശ്യപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!