തിരുനാവായ മാമാങ്കോത്സവം ഫെബ്രുവരി ഒന്നുമുതൽ

തിരുനാവായ : മാമാങ്കത്തിന്റെ പഴമ, സൗഹൃദത്തിന്റെ പെരുമ എന്ന ശീർഷകത്തിൽ മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും തിരുനാവായ റീ-എക്കൗയും ചേർന്ന് നടത്തുന്ന 32-ാമത് മാമാങ്കോത്സവത്തിനു തുടക്കം. വഞ്ഞേരി മനയിലെ പത്മിനി ഘോഷാണ് കൂറ നാട്ടൽ നടത്തിയത്. ചങ്ങമ്പള്ളി ഉമ്മർ ഗുരുക്കൾ അധ്യക്ഷനായി. ചരിത്ര രേഖകൾപ്രകാരം മാമാങ്ക ഉത്സവത്തിന് തിരുനാവായയിലെ പതിനഞ്ച് സ്ഥലങ്ങളിൽ കൂറ നാട്ടിയിട്ടുണ്ട്. രാജമന്ദിർപരിസരത്തുനിന്നും ആരംഭിച്ച കൂറ എഴുന്നള്ളത്ത് ആയുധമേന്തിയ കളരി അഭ്യാസികൾ, എൻസിസി കെേഡറ്റുകൾ, എൻഎസ്എസ് ടെക്നിക്കൽ സെൽ വൊളന്റിയർമാരും മുത്തുക്കുടയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നഗരപ്രദക്ഷിണം നടത്തിയശേഷമാണ് മാമാങ്കനഗരിയിൽ എത്തിയത്. സ്വാഗതസംഘം ചെയർമാൻ ഉള്ളാട്ടിൽ രവിന്ദ്രൻ, കൺവീനർ എം.കെ. സതീഷ് ബാബു, അയ്യപ്പൻ കുറുമ്പത്തൂർ, അംബുജൻ തവനൂർ, എം.എസ്. ഉണ്ണികൃഷ്ണൻ, കെ.വി. മൊയ്തീൻ കുട്ടി, സുരേഷ് ബാബു, ഇ.പി. ഫാസിൽ, കോഴിപുറം ബാവ തുടങ്ങിയവർ നേതൃത്വം നൽകി. ഡോ. കെ.പി. സതീശൻ മാമാങ്ക സ്മൃതിപ്രഭാഷണം നടത്തി. തിരുനാവായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മാമ്പറ്റ ദേവയാനി, മുഹമ്മദ് സിയാദ്, പുവ്വത്തിങ്കൽ റഷീദ്, ഇ.ആർ. അൻവർ സുലൈമാൻ, സതീശൻ കളിച്ചാത്ത്, എടപ്പാൾ ഹനീഫ ഗുരുക്കൾ, കാടാമ്പുഴ മൂസ്സ ഗുരുക്കൾ, കെ.കെ. റസാക്ക് ഹാജി, ചിറക്കൽ ഉമ്മർ തുടങ്ങിയവർ സംസാരിച്ചു.

ഫെബ്രുവരി ഒന്നിന് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രപരിസരത്ത് രാവിലെ ഒൻപതിന് ചാവേർ സ്മൃതി നടത്തും. അങ്കവാൾ സ്വീകരണങ്ങൾക്കുശേഷം മാമാങ്ക സ്മാരകമായ കൊടക്കൽ നിലപാട് തറയ്ക്കുസമീപം സമാപിക്കും. മാഘമാസത്തിലെ മകം നാളായ ഫെബ്രുവരി മൂന്നിന് നിളാതീരത്ത് മാമാങ്ക സ്മൃതിദീപം തെളിക്കും. തുടർന്ന് മാമാങ്ക സ്‌മൃതിയാത്ര കച്ചേരിപ്പറമ്പിൽനിന്നു ആരംഭിച്ച് മാമാങ്ക നഗരിയിൽ എത്തും. തുടർന്ന് പൊതുസമ്മേളനവും ആദരിക്കൽച്ചടങ്ങും. കേരള കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഒരുക്കുന്ന കളരിപ്പയറ്റ് പ്രദർശനത്തോടെ മാമാങ്കോത്സവത്തിനു കൊടിയിറങ്ങും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
