തദ്ദേശ തിരഞ്ഞെടുപ്പ്: വളാഞ്ചേരി നഗരസഭയിൽ പോളിംഗ് ശതമാനം 78.22%

വളാഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ വളാഞ്ചേരി നഗരസഭയിൽ പോളിങ്ങ് ശതമാനം മുൻ വർഷത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തി. 78.22 ആണ് പോളിംഗ് ശതമാനം. കഴിഞ്ഞ തവണ ഇത് 79.04 ആയിരുന്നു. ഭരണം നിലനിർത്താൻ യുഡിഎഫും പിടിച്ചെടുക്കാൻ എൽഡിഎഫും അവസാനനിമിഷം വരേയും ഒട്ടേറെ പ്രചാരണതന്ത്രങ്ങളാണ് നടത്തിയത്. അതുകൊണ്ടുതന്നെ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ തികഞ്ഞ പ്രതീക്ഷയിലാണ്. കഴിഞ്ഞപ്രാവശ്യത്തെ ഒരു സീറ്റ് ഇക്കുറി വർധിപ്പിക്കാനാകുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു.

സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തായിരുന്ന വളാഞ്ചേരി, നഗരസഭയായി ഉയർന്നശേഷമുള്ള മൂന്നാമത്തെ തദ്ദേശ തിരഞ്ഞെടുപ്പാണ് നടന്നത്. രണ്ടു ടേമും ജനങ്ങൾ യുഡിഎഫിനെയാണ് തിരഞ്ഞെടുത്തത്. 34 ഡിവിഷനുകളാണ് ഇക്കുറി നഗരസഭയിലുള്ളത്. യുഡിഎഫിൽ മുസ്ലിംലീഗ് 19 എണ്ണത്തിലും കോൺഗ്രസ് പത്തിലും പാർട്ടി ചിഹ്നത്തിൽ മത്സരിച്ചപ്പോൾ നാലിടത്ത് സ്വതന്ത്രസ്ഥാനാർഥികൾ സ്വതന്ത്രചിഹ്നത്തിലാണു മത്സരിച്ചത്. രണ്ടു ഡിവിഷനുകളിൽ വെൽഫെയർ പാർട്ടിയുടെ സ്ഥാനാർഥികൾ സ്വതന്ത്രചിഹ്നത്തിലും മത്സരിച്ചു.

ഏഴിടത്ത് സിപിഎം പാർട്ടിചിഹ്നത്തിൽ മത്സരിച്ചപ്പോൾ മറ്റിടങ്ങളിലെല്ലാം സ്വതന്ത്രചിഹ്നത്തിലായിരുന്നു മത്സരം. സീറ്റ് വിഭജനത്തിൽ പിഡിപിക്ക് മൂന്നും സിപിഐക്കും ജെഡിഎസിനും ഓരോന്നു വീതവുമാണ് അനുവദിച്ചിട്ടുള്ളത്. ബിജെപി 20 ഡിവിഷനുകളിലാണ് സ്ഥാനാർഥികളെ നിർത്തിയിരുന്നത്. നിലവിലെ നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ (മുസ്ലിംലീഗ്), ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.പി. അബ്ദുൽഗഫൂർ (സിപിഎം), സിപിഎം ഏരിയാകമ്മിറ്റി അംഗം എൻ. വേണുഗോപാലൻ, ഡികെടിഎഫ് ജില്ലപ്രസിഡന്റും നഗരസഭാ മുൻ വൈസ് ചെയർമാനും കോൺഗ്രസ് നേതാവുമായ കെ.വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ മത്സരിച്ചവരിൽ പ്രമുഖരാണ്. ജനറൽസീറ്റിൽ മൂന്നുവനിതകൾ മത്സരിച്ചുവെന്ന പ്രത്യേകയും ഇക്കുറി വളാഞ്ചേരി നഗരസഭയ്ക്കുണ്ട്.

കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ വാർഡുകളിൽ വിജയക്കൊടി പാറിച്ച് മൂന്നാംവട്ടവും അധികാരത്തിൽ കയറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഐക്യജനാധിപത്യമുന്നണി. എന്നാൽ ചില വാർഡുകളിൽ അടിയൊഴുക്കുകൾക്ക് സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ വിധിയെഴുത്ത് തങ്ങൾക്ക് അനുകൂലമാകുമെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണിയും കണക്കുകൂട്ടുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
