എസ്‌ജെഎം വെസ്റ്റ് ജില്ലാ മുഅല്ലീം സമ്മേളനം സമാപിച്ചു
വളാഞ്ചേരി : വളാഞ്ചേരി കഞ്ഞിപ്പുര ചെറുശ്ശോല ഉസ്താദ് നഗറിൽ നടന്ന എസ്‌ജെഎം വെസ്റ്റ് ജില്ലാ മുഅല്ലീം സമ്മേളനം സമാപിച്ചു. പുതുതലമുറയെ സമുദ്ധരിക്കാൻ മതാധ്യാപകർ അതീവ ശ്രദ്ധപുലർത്തണമെന്ന് സമ്മേളനം ഉദ്ഘാടനംചെയ്ത സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ പറഞ്ഞു. മദ്രസാ അധ്യാപകർക്ക് മതത്തിൽ ഉന്നതസ്ഥാനമുണ്ടെന്നും തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ കടമ നിറവേറ്റണമെന്നും അദ്ദേഹം തുടർന്നുപറഞ്ഞു. ‘അധ്യാപനം സേവനമാണ്’എന്ന പ്രമേയത്തിൽ കേരളത്തിലും സംസ്ഥാനത്തിനു പുറത്തുമായി നാല്പത് ജില്ലാകേന്ദ്രങ്ങളിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
ജില്ലാപ്രസിഡന്റ് കെ.പി.എച്ച്. തങ്ങൾ കാവനൂർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ടെലഫോണിലൂടെ സദസ്സിനെ അഭിസംബോധനചെയ്തു. എസ്‌ജെഎം സംസ്ഥാനസെക്രട്ടറി അബു ഹനീഫൽ ഫൈസി തെന്നല സന്ദേശപ്രഭാഷണം നിർവഹിച്ചു. സെക്രട്ടറി സുലൈമാൻ സഖാഫി കുഞ്ഞുകുളം പ്രമേയപ്രഭാഷണം നടത്തി. വിവിധ സെഷനുകൾക്ക് റഹ്‌മത്തുല്ല സഖാഫി എളമരം, കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി എന്നിവർ നേതൃത്വംകൊടുത്തു. ജില്ലാപ്രസിഡന്റ് കെ.പി.എച്ച്. തങ്ങളെ ചടങ്ങിൽ ആദരിച്ചു. സമിതി നിർമിച്ചുനൽകുന്ന സ്നേഹഭവനങ്ങളുടെ താക്കോൽദാനവുമുണ്ടായി. വെസ്റ്റ് ജില്ലയിലെ വിവിധ മദ്രസകളിൽനിന്ന് 2,600-ഓളം മുഅല്ലികൾ പങ്കെടുത്തു. സയ്യിദ് ശറപുദ്ദീൻ ജമലുല്ലൈലി, സയ്യിദ് സലാഹുദ്ദീൻ ബുഖാരി കൂരിയാട്, സയ്യിദ് ഹസ്സൻകോയ തങ്ങൾ മമ്പുറം, പൊന്മള മൊയ്തീൻകുട്ടി ബാഖവി, ഊരകം അബ്ദുൽ റഹ്‌മാൻ സഖാഫി, അബൂബക്കർ ശർവാനി, പ്രൊഫ. എ.കെ. അബ്ദുൽഹമീദ്, സി.പി. സൈതലവി ചെങ്ങര, അലി ബാഖവി ആറ്റുപുറം, ഖാസിംകോയ പൊന്നാനി, സിദ്ദിഖ് മൗലവി അയിലക്കാട്, മുഹമ്മദലി മുസ്‌ലിയാർ പൂക്കോട്ടൂർ, ടി.ടി. മുഹമ്മദ് ബദവി, ഫൈസൽ അഹ്‌സനി എടയൂർ തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here