HomeNewsMeetingകാങ്കക്കടവ്; സ്ഥലമുടമകളുടെ യോഗം വിളിച്ചുചേർത്ത് എംഎൽഎ

കാങ്കക്കടവ്; സ്ഥലമുടമകളുടെ യോഗം വിളിച്ചുചേർത്ത് എംഎൽഎ

kankakadavu-mla-meeting

കാങ്കക്കടവ്; സ്ഥലമുടമകളുടെ യോഗം വിളിച്ചുചേർത്ത് എംഎൽഎ

കുറ്റിപ്പുറം : കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ പദ്ധതിയുടെ ഭാഗമായുള്ള അനുബന്ധറോഡ് നിർമാണത്തിന്റെ ഭാഗമായി പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ കുറ്റിപ്പുറത്തെ സ്ഥലമുടമകളുടെ യോഗം വിളിച്ചുചേർത്തു. അനുബന്ധറോഡിന്റെ വീതി വർധിപ്പിക്കുന്നതിന് സ്ഥലമേറ്റെടുക്കുന്ന ഭൂവുടമകൾ സ്ഥലം വിട്ടുനൽകാനുള്ള നടപടിക്രമങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ അവരുടെ ആശങ്കകൾ ദുരീകരിക്കാനാണ് യോഗം വിളിച്ചത്. വിട്ടുനൽകുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരത്തുക സർക്കാർ വ്യക്തമാക്കണമെന്നും ഭൂമി ഏറ്റെടുക്കുന്ന വേളയിൽത്തന്നെ തുക നൽകണമെന്നും ഒരുവിഭാഗം ഭൂവുടമകൾ ആവശ്യപ്പെട്ടു. എന്നാൽ അത് പ്രായോഗികമല്ലെന്നും സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിപ്പിച്ച 2024 ഡിസംബർ 12 മുതൽ ചെക്ക് നൽകുന്ന തീയതിവരെ 12 ശതമാനം പലിശസഹിതമാണ് നഷ്ടപരിഹാരത്തുക നൽകുകയെന്നും റവന്യൂ വകുപ്പ് നേരത്തേ വ്യക്തമാക്കിയ വിവരം എംഎൽഎ യോഗത്തിൽ അറിയിച്ചു. ഇതിനെത്തുടർന്ന് സ്ഥലമുടമകൾ സ്ഥലം വിട്ടുനൽകാനുള്ള രേഖകൾ റവന്യൂവകുപ്പിന് കൈമാറാൻ സന്നദ്ധത അറിയിച്ചു. എന്നാൽ സ്ഥലം വിട്ടുനൽകാനായി തയ്യാറാക്കുന്ന സമ്മതപത്രം എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ളതാകണമെന്ന് സ്ഥലമുടമകൾ ആവശ്യപ്പെട്ടു. ഈ ആവശ്യം സ്ഥലമെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരെ അറിയിക്കാമെന്ന് എംഎൽഎ പറഞ്ഞു.
kankakadavu-mla-meeting
നിലവിലെ റോഡിലെ കൈയേറ്റഭൂമികൾ തിരിച്ചുപിടിക്കണമെന്ന നിർദേശവും ഭൂവുടമകൾ ഉന്നയിച്ചു. പദ്ധതി നവംബറിൽ കമ്മിഷൻ ചെയ്യാനാണ് ഇപ്പോഴത്തെ ശ്രമം. എന്നാൽ കുറ്റിപ്പുറം, കുമ്പിടി പ്രദേശങ്ങളിൽനിന്ന്‌ റോഡിന് വീതി വർധിപ്പിക്കുന്നതിന് സ്ഥലം വിട്ടുനൽകുന്നവരുടെ സ്ഥലരേഖകൾ പരിശോധിച്ച് അവയിൽ സാങ്കേതികവിഷയങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ ഏറെ സമയം ആവശ്യമായി വരുമെന്നതിനാൽ നവംബറിൽ കമ്മിഷൻ ചെയ്യാൻ കഴിയുമോയെന്ന ആശങ്കയുമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് നസീറ പറതൊടി, പഞ്ചായത്തംഗങ്ങളായ സിദ്ദീഖ് പരപ്പാര, സി.കെ. ജയകുമാർ, പഞ്ചായത്ത് അസിസ്റ്റന്റ്‌ സെക്രട്ടറി എ. ജാബിർകുട്ടി തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!