വെള്ളച്ചാൽ നിർമാണം അശാസ്ത്രീയമെന്ന് ആക്ഷേപം; വളാഞ്ചേരി വട്ടപ്പാറയിൽ ജനവാസമേഖലയിലേക്ക് കുത്തിയൊലിച്ച് ചെളിവെള്ളം
വളാഞ്ചേരി : ദേശീയപാത 66-ന്റെ നിർമാണം അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ നഗരസഭയിലെ 32, 33 ഡിവിഷനുകളിൽപ്പെട്ട കഞ്ഞിപ്പുര, വട്ടപ്പാറ മേഖലകളിലെ ജനങ്ങൾ ദുരിതത്തിൽ. ഈ മേഖലകളിലെ ജനങ്ങളുടെ പറമ്പുകളിലേക്കും മുറ്റത്തേക്കുംവരെ റോഡിലെ വെള്ളവും ചെളിയും കുത്തിയൊലിച്ചു വരുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞദിവസം പെയ്ത മഴയിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്.
ദേശീയപാത അതോറിറ്റി കഞ്ഞിപ്പുര അങ്ങാടിയിൽ ഇരുവശങ്ങളിലുമായി റോഡരികിൽ വെള്ളച്ചാലുകൾ നിർമിച്ചിട്ടുണ്ട്. മഴപെയ്യുമ്പോഴുണ്ടാകുന്ന മുഴുവൻ വെള്ളവും പുതിയ അഴുക്കുചാൽവഴി വരുകയും പഴയ വെള്ളച്ചാലുകൾക്ക് ഉൾക്കൊള്ളാൻ പാകത്തിൽ സംവിധാനമില്ലാത്തതുമാണ് വിനയായത്. മഴവെള്ളവും ചെളിയും ഇടറോഡുകളും മറ്റും വഴി കഞ്ഞിപ്പുരയ്ക്കു സമീപത്തും വട്ടപ്പാറ മേഖലയിലുമുള്ള ജനങ്ങളുടെ പറമ്പുകളിലേക്കും മുറ്റത്തേക്കുമാണ് ഇപ്പോൾ പ്രവഹിക്കുന്നത്. കാലവർഷം കനക്കുന്നതോടെ ദുരിതം വർധിക്കുമെന്നുറപ്പാണ്. അതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്.
വെള്ളം റോഡിനുതാഴെ 450 മീറ്റർ ദൂരെയുള്ള ഫേമസ്-ചോല റോഡിലെ തോട്ടിലേക്ക് ഒഴുക്കിയാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്നും അതിനു ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും വാർഡംഗവും വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനുമായ മുജീബ് വാലാസി ആവശ്യപ്പെട്ടു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here