താനൂരിൽ വന്ദേഭാരതിന് നേരെയുണ്ടായ കല്ലേറ്; 19കാരൻ പിടിയിൽ

താനൂർ: കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞയാൾ പിടിയിൽ. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റിസ്വാൻ ആണ് പിടിയിലായത്. കളിക്കുന്നതിനിടെ കല്ലെറിഞ്ഞപ്പോൾ ട്രെയിനിൽ കൊള്ളുകയായിരുന്നു എന്നാണ് ഇയാൾ നൽകിയ മൊഴി. റെയിൽവേ പൊലീസും കേരള പൊലീസും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. ഇയാൾക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

മലപ്പുറം തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്ത് വച്ചായിരുന്നു വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ തിരൂർ പൊലീസും റെയിൽവേ പൊലീസും അന്വേഷണം നടത്തിയിരുന്നു. എന്നാൽ സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലമായത് അന്വേഷണത്തിന് തടസമായി. പിന്നീട് ലഭിച്ച നിർണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് റിസ്വാൻ പിടിയിലായത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									