കാടാമ്പുഴ ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം ചൊവ്വാഴ്ച തുടങ്ങും

മാറാക്കര: കാടാമ്പുഴ ക്ഷേത്രം ഭഗതിയുടെ പിറന്നാൾ ആഘോഷനിറവിൽ. വൃശ്ചികത്തിലെ കാർത്തികനാളിൽ ഭഗവതിയുടെ പ്രതിഷ്ഠ നടന്നതിനാൽ ക്ഷേത്രത്തിൽ എല്ലാവർഷവും അന്നേദിവസം പിറന്നാൾ ‘തൃക്കാർത്തിക മഹോത്സവ’മായാണ് ദേവസ്വം ആഘോഷിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന് പെരുവനം കുട്ടൻമാരാരും സംഘവും ക്ഷേത്രമുറ്റത്ത് പഞ്ചാരിമേളം അവതരിപ്പിച്ചാണ് ഉത്സവച്ചടങ്ങുകൾ തുടങ്ങുന്നത്. തന്ത്രി അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ പ്രത്യേകപൂജകൾ നടക്കും. അകമ്പടിയായി കോട്ടയ്ക്കൽ ആദിത്യൻ എ. മാരാർ, ആഞ്ജനേയ് എ. മാരാർ എന്നിവരുടെ സോപാനസംഗീതവുമുണ്ടാകും.

വൈകീട്ട് ആറിന് സാംസ്കാരികസമ്മേളനം തുടങ്ങും. മലബാർ ദേവസ്വംബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ഉദ്ഘാടനംചെയ്യും. കോഴിക്കോട് അഡീഷണൽ ഡി.എം.ഒ. ഡോ. പീയൂഷ് നമ്പൂതിരിപ്പാട് മുഖ്യാതിഥിയാകും. ഈവർഷത്തെ തൃക്കാർത്തിക പുരസ്കാരം പെരുവനം കുട്ടൻമാരാർക്ക് ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി സമർപ്പിക്കും. രാത്രി എട്ടിന് സിനിമാതാരം ലക്ഷ്മി ഗോപാലസ്വാമിയും സംഘവും നൃത്തം അവതരിപ്പിക്കും.

ബുധനാഴ്ചയാണ് തൃക്കാർത്തിക ഉത്സവം. പുലർച്ചെ മൂന്നിന് ക്ഷേത്രത്തിലെ കൽവിളക്കുകളിലും തിരുമുറ്റത്തും തൃക്കാർത്തികദീപം തെളിക്കും. മൂന്നരമുതൽ ഭക്തർക്ക് ദർശനത്തിന് സൗകര്യമുണ്ടാകും. എട്ടിന് പൂമൂടൽ തുടങ്ങും. പത്തിന് പ്രസാദ ഊട്ട് ആരംഭിക്കും. പുറത്തെ വലിയ പന്തലിൽ വിഭവസമൃദ്ധമായ സദ്യയാണ് വിളമ്പുക. വൈകുന്നേരം അഞ്ചിന് അത്താഴപൂജ, അയ്യപ്പന് ചുറ്റുവിളക്ക് എന്നിവയും ഏഴിന് മാടമ്പിയാർകാവ് ക്ഷേത്രത്തിൽ വിശേഷാൽ വിളക്കും പ്രത്യേകപൂജകളും നടക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
