പുത്തൂർ തോട്ടിൽ മാലിന്യം തള്ളിയത് നാട്ടുകാർ പിടികൂടി

ഒതുക്കുങ്ങൽ : പുത്തൂർ തോട്ടിൽ മാലിന്യം തള്ളിയത് നാട്ടുകാർ പിടികൂടി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഗുഡ്സ് ഓട്ടോയിലെത്തിച്ച് ചാണകവും അറവുമാലിന്യങ്ങളും തോട്ടിൽ തള്ളുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെയും ഒതുക്കുങ്ങൽ പഞ്ചായത്ത് അധികൃതരെയും വിവരമറിയിച്ചു. അധികൃതർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പുത്തൂർ പാലത്തിനടിയിൽ അനധികൃതമായി അറവുമാടുകളെ കെട്ടുന്നതിനായി തയ്യാറാക്കിയ തൊഴുത്ത് കണ്ടെത്തി. ചാണകവും മാലിന്യങ്ങളും തോട്ടിലേക്ക് ഒഴുക്കുന്നതായും കണ്ടെത്തി.

കോട്ടയ്ക്കൽ പോലീസ് സ്ഥലത്തെത്തി മാലിന്യം കൊണ്ടുവന്ന വാഹനം കസ്റ്റഡിയിലെടുത്തു.വാഹനം ഓടിച്ചിരുന്ന പുതുക്കിടി മൻസൂറി(34)നെതിരെ കോട്ടയ്ക്കൽ പോലീസ് കേസെടുത്തു. മാലിന്യം തള്ളിയ പ്രദേശത്ത് അറവുമാടുകളെ കച്ചവടം നടത്തുന്ന പുതുക്കിടി കുഞ്ഞഹമ്മദിനെതിരേ ഒതുക്കുങ്ങൽ പഞ്ചായത്ത് 5000 രൂപ പിഴ ചുമത്തിയതായി ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡൻറ് കടമ്പോട്ട് മൂസ പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ, സ്ഥിരം സമിതി അധ്യക്ഷൻ ഉമ്മാട്ട് കുഞ്ഞിതു, വാർഡ് അംഗങ്ങളായ മണി പത്തൂർ, കോറാടൻ നാസർ, എം.സി. കുഞ്ഞിപ്പ, ഫൈസൽ കങ്കാളത്ത് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
