കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാനെത്തിയ മുപ്പതോളം പേർക്കെതിരെ നടപടിയെടുത്ത് വളാഞ്ചേരി പോലീസ്
ആതവനാട്: കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയന്ത്രങ്ങൾ നടപ്പിൽ വന്ന ആതവനാട് ഗ്രാമ പഞ്ചായത്തിൽ പരിശോധന കർശനമാക്കി വളാഞ്ചേരി പോലീസ്.
പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അയ്യപ്പനോവ് മിനി വെള്ളച്ചാട്ടം കാണുന്നതിനായി ഈ കഴിഞ്ഞ ദിവസങ്ങളായി ദൂരദിക്കുകളിൽ നിന്ന് വന്ന് ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ചും സാമൂഹി അകലം പാലിക്കാതെയും ഉള്ള മുപ്പതോളം പേർക്കെതിരെയാണ് വളാഞ്ചേരി പോലീസ് നിയമ നടപടികൾ എടുത്തത്.
ഇരുപത്തിയഞ്ചോളം പേരിൽ നിന്ന് പിഴ ഈടാക്കുകയും ആറോളം ബൈക്കുകൾ പിടിച്ചെടുക്കുകയും ചെയ്തു. ദൂരദിക്കുകളിൽ നിന്നും യുവാക്കൾ ബൈക്കുകളിലും മറ്റുമായി അയ്യപ്പനോവിൽ എത്തിയിരുന്നതായി വളാഞ്ചേരി പോലീസ് അറിയിച്ചു. പിടികൂടിയവരിൽ ഇരിമ്പിളിയം, വളാഞ്ചേരി, കോട്ടക്കൽ, മാറാക്കര, പരപ്പനങ്ങാടി, താനൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉണ്ടായിരുന്നു. നിലവിൽ വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പഞ്ചായത്തുകളും നഗരസഭയും കർശന നിയന്ത്രണങ്ങളുള്ള ഡി കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
വളാഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ് നേതൃത്വം നൽകി. പോലീസുകാരായ അബ്ദുറഹ്മാൻ, കൃഷ്ണപ്രസാദ്, രാധാകൃഷ്ണ പിള്ള എന്നിവരും എം.എസ്.പി യിലെ പോലീസുകാരായ ബൈജു, വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. തുടർന്നും വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഡി കാറ്റഗറിയിലുള്ള സ്ഥലങ്ങളിൽ കുന്നിൻ പ്രദേശങ്ങളിലും മറ്റും യുവാക്കൾ കൂട്ടം കൂടി നിൽക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ അഷ്റഫ് അറിയിച്ചു.