കുറ്റിപ്പുറത്ത് പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഭവം: പ്രധാന പ്രതി പിടിയിൽ

കുറ്റിപ്പുറം: അരക്കോടി രൂപ വിലമതിക്കുന്ന പുകയില ഉത്പന്നങ്ങൾ ലോറിയിൽ കടത്തിക്കൊണ്ടുവന്ന സംഭവത്തിലെ പ്രധാന പ്രതി പിടിയിൽ. വെളിയങ്കോട് വടക്കേപുതുവീട്ടിൽ ജംഷീറിനെ(32)യാണ് കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിലിന്റെ നേതൃത്വത്തിൽ പിടികൂടിയത്. നിരോധിത പുകയില ഉത്പന്നങ്ങളുടെ സംസ്ഥാനത്തെ പ്രധാന വിതരണക്കാരിലൊരാളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

ഹരിയാണ, ഡൽഹി എന്നിവിടങ്ങളിൽനിന്ന് ബെംഗളൂരു വഴിയാണ് ഹാൻസ് ഉൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങൾ കടത്തിയിരുന്നത്. 1,65,000 ഹാൻസ് പായ്ക്കറ്റുകളും നൂറുകണക്കിന് പാൻപരാഗ് പായ്ക്കറ്റുകളുമാണ് ബുധനാഴ്ച കുറ്റിപ്പുറത്തുനിന്ന് പിടികൂടിയത്. പുകയില ഉത്പന്നങ്ങൾ ചണച്ചാക്കുകളിലാക്കി അവയ്ക്കുമുകളിൽ പഞ്ചസാരയും മൈദയും നിറച്ച ചാക്കുകൾവെച്ചാണ് കൊണ്ടുവന്നിരുന്നത്. പുകയില ഉത്പന്നങ്ങൾ കൊണ്ടുവന്ന ലോറിയും വാങ്ങാനെത്തിയ മൊത്തവിതരണക്കാരുടെ വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു. മൊത്തവിതരണക്കാരിലൊരാ അന്നുതന്നെ പോലീസ് പിടികൂടിയിരുന്നു. ഒളിവിലായിരുന്ന ജംഷീറിനെ ഞായറാഴ്ചയാണ് പോലീസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
