വളാഞ്ചേരിയിലെ നിപ: 11 പേരുടെ ഫലംകൂടി നെഗറ്റീവ്
മലപ്പുറം : വളാഞ്ചേരിയിൽ നിപ ബാധിച്ച യുവതിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 11 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതോടെ 42 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഞായറാഴ്ച 18 പേരെയാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ ആകെ 112 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്.
54 പേർ ഉയർന്ന സാധ്യതാപട്ടികയിലും 58 പേർ താഴ്ന്ന സാധ്യതാപട്ടികയിലുമാണുള്ളത്. മലപ്പുറം 81, പാലക്കാട് 25, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം ഒന്നുവീതം പേർ എന്നിങ്ങനെയാണ് സമ്പർക്കപ്പട്ടികയിലുള്ളവർ. 10 പേർ ചികിത്സയിലുണ്ട്. ഇതിൽ രണ്ടുപേർ ഐസിയുവിലാണ്. ഉയർന്ന സാധ്യതാപട്ടികയിലുള്ള 10 പേർക്ക് പ്രെഫൈലാക്സിസ് ചികിത്സ നൽകിവരുന്നു. റാബിസ് വൈറസിനെതിരായ ആന്റിബോഡി നിർമിക്കാനാണിത്. നിപ ബാധിച്ച യുവതിക്ക് കഴിഞ്ഞദിവസം മുതൽ മോണോക്ലോണൽ ആന്റിബോഡി നൽകിത്തുടങ്ങിയിട്ടുണ്ട്. വൈറസിനെതിരേ പ്രതിരോധത്തിനാണ് ഇതുനൽകുന്നത്. രോഗംമാറിയവരുടെ രക്തത്തിൽനിന്നാണ് മോണോക്ലോണൽ ആന്റിബോഡി വേർതിരിക്കുന്നത്. മന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈനായി നിപ അവലോകനയോഗം ചേർന്നു. നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഫീവർ സർവൈലൻസിന്റെ ഭാഗമായി ഞായറാഴ്ച 2087 വീടുകൾ പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവർത്തകർ സന്ദർശിച്ചു. ഇതുവരെ ആകെ 3868 വീടുകളാണ് സന്ദർശിച്ചത്. 87 ശതമാനം ഗൃഹസന്ദർശനം പൂർത്തിയാക്കി. മൃഗങ്ങൾ ചത്തത് പ്രത്യേകമായി പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here