HomeNewsDevelopmentsദേശീയപാതാ വികസനം: ഹിയറിങ്‌ ഇന്നുമുതൽ

ദേശീയപാതാ വികസനം: ഹിയറിങ്‌ ഇന്നുമുതൽ

Highway-acquisition

ദേശീയപാതാ വികസനം: ഹിയറിങ്‌ ഇന്നുമുതൽ

ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ സ്ഥലം നഷ്ടപ്പെടുന്നവരുടെ ഹിയറിങ് വ്യാഴാഴ‌്ച തുടങ്ങും. തിരൂർ താലൂക്കിലെ കുറ്റിപ്പുറം വില്ലേജിലെ ഹിയറിങ്ങാണ് ആദ്യം തുടങ്ങുക. തിരൂർ താലൂക്കിലെ വില്ലേജുകളിലെ കൈവശക്കാരുടെ ഹിയറിങ‌് കോട്ടക്കൽ സിഎച്ച് മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ തുടങ്ങും.
nh-survey
10, 11, 12 തീയതികളിലായി കുറ്റിപ്പുറം വില്ലേജിലെ 3A വിജ്ഞാപനം വന്ന ഭൂമികളിലെ ഉടമസ്ഥരുടെ വിചാരണ പൂർത്തിയാകും. നടുവട്ടം വില്ലേജിൽ 12നും പെരുമണ്ണ വില്ലേജിൽ 18, 19 തീയതികളിലും മാറാക്കര വില്ലേജിൽ 19, 22, 26 തീയതികളിലും കൽപ്പകഞ്ചേരി വില്ലേജിൽ 26, 29, 31 തീയതികളിലും കുറുമ്പത്തൂർ വില്ലേജിൽ ജനുവരി മൂന്ന‌്, അഞ്ച‌്, ഏഴ‌്, 10 തീയതികളിലും ആതവനാട് വില്ലേജിൽ ജനുവരി 10, 14, 15 നും കാട്ടിപ്പരുത്തി വില്ലേജിൽ ജനുവരി 15,16,17,18,19, തീയതികളിലും ഹിയറിങ് നടക്കും. ഇതുസംബന്ധിച്ച 3 (ഏ)3 വിജ്ഞാപനം നവംബർ 25ന് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ സർവേ നമ്പറിലും ഉൾപ്പെട്ടവർ ഹിയറിങ്ങിന് ഹാജരാകേണ്ട തീയതിസംബന്ധിച്ച് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അപ്രകാരമാണ് വിചാരണയ്ക്ക് ഹാജരാകേണ്ടത്.
nh-hearing
ആധാരം അല്ലെങ്കിൽ പട്ടയം (ഒറിജിനൽ, പകർപ്പ്), അടിയാധാരം, 2018–-19 സാമ്പത്തിക വർഷത്തിലെ ഭൂനികുതി രസീതി, കൈവശ സർട്ടിഫിക്കറ്റ്, നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, ഭൂ ഉടമയുടെ ഇലക്ഷൻ ഐഡി–-ആധാർകാർഡ്, ഹിയറിങ്ങിന് ഹാജരാകുന്ന വ്യക്തിയുടെ തിരിച്ചറിയൽ കാർഡ്, ഭൂഉടമയുടെ ഐഎഫ്സി കോഡ് സഹിതമുള്ള ബാങ്ക് പാസ് ബുക്ക‌്, പാൻ കാർഡ് എന്നിവ വിചാരണ സമയത്ത് ഹാജരാക്കണം. ഭൂവുടമ ജീവിച്ചിരിപ്പില്ലെങ്കിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഒന്നിൽ കൂടുതൽ അവകാശികൾ ഉണ്ടെങ്കിൽ അവകാശികളിൽ ഒരാളെ വിചാരണയ്ക്ക് ഹാജരാകുന്നതിനും നഷ്ടപരിഹാരം കൈപ്പറ്റുന്നതിനും മറ്റ് അവകാശികൾക്ക് ചുമതലപ്പെടുത്താം. അതിന‌് എല്ലാ അവകാശികളുംകൂടി വില്ലേജ് ഓഫീസർ അല്ലെങ്കിൽ നോട്ടറിമുമ്പാകെ ഒപ്പിട്ട സാക്ഷ്യപത്രം ഹാജരാക്കണം. ഭൂ ഉടമസ്ഥനല്ല വിചാരണക്ക് ഹാജരാകുന്നതെങ്കിൽ നോട്ടറി സാക്ഷ്യപ്പെടുത്തിയ പവർ ഓഫ് അറ്റോർണി ഹാജരാക്കണം.
survey-kuttippuram
നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായ മുഴുവൻ ഫണ്ടും കാലതാമസംകൂടാതെ അനുവദിക്കുന്നതാണെന്ന് ദേശീയപാതാ അധികൃതർ ഉറപ്പ് നൽകിയിട്ടുള്ളതായി കലക്ടർ അമിത‌് മീണ അറിയിച്ചു. അതിനാൽ ബന്ധപ്പെട്ട രേഖകൾ മുഴുവൻ ഹാജരാക്കുന്നവർക്ക് ഉടൻതന്നെ നഷ്ടപരിഹാരം നൽകും. രേഖകൾ ഹാജരാക്കാത്തവർക്ക് അവ ഹാജരാക്കുന്നതിന് നോട്ടീസ് നൽകുന്നതാണ്. നോട്ടീസ് നൽകിയിട്ടും രേഖകൾ ഹാജരാക്കാത്തപക്ഷം നഷ്ടപരിഹാരതുക മാറ്റിവച്ചുകൊണ്ട് ഉത്തരവാകുന്നതും ഭൂമി നിയമാനുസൃതം ഏറ്റെടുക്കുന്നതുമായിരിക്കും. രേഖകൾ ഹാജരാക്കുന്നതിന് കാലതാമസം വന്നാൽ ഈ കാലയളവിന് ഭൂവിലയിൽമേലുള്ള 12 ശതമാനം വർധന ലഭിക്കുന്നതല്ല.
Nh-survey
ഫണ്ട് ലഭിച്ചതിനുശേഷംമാത്രമേ അവാർഡ് പാസാക്കുകയുള്ളൂ. അതിനുശേഷമാണ് ഭൂമി ഏറ്റെടുത്ത് ദേശീയപാതാ അധികൃതർക്ക് കൈമാറുക. അതിനാൽ നഷ്ടപരിഹാരം സംബന്ധിച്ച് യാതൊരുവിധത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കലക്ടർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!