HomeNewsEventsമലപ്പുറം ഇനി സമ്പൂര്‍ണ ശൗചാലയ ജില്ല

മലപ്പുറം ഇനി സമ്പൂര്‍ണ ശൗചാലയ ജില്ല

മലപ്പുറം ഇനി സമ്പൂര്‍ണ ശൗചാലയ ജില്ല

മലപ്പുറം: ജില്ലയില്‍ 12,011 പുതിയ ശൗചാലയങ്ങള്‍ നിര്‍മിച്ചുകൊണ്ട് മലപ്പുറം വെളിയിടവിസര്‍ജന വിമുക്തമായതായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് സമ്പൂര്‍ണ ശൗചാലയപദ്ധതി നടപ്പാക്കി പ്രഖ്യാപനം നടത്തുന്ന പത്താമത്തെ ജില്ലയാണ് മലപ്പുറം.
മന്ത്രി കെ.ടി. ജലീലാണ് പ്രഖ്യാപനം നടത്തിയത്. ജില്ലയില്‍ 94 ഗ്രാമപ്പഞ്ചായത്തുകളും 15 ബ്ലോക്ക് പഞ്ചായത്തുകളുമാണുള്ളത്. ഇവ ഈമാസം പതിനഞ്ചോടെ ശൗചാലയം നിര്‍മിച്ചതായി പ്രഖ്യാപിച്ചിരുന്നു. നേട്ടം കൈവരിക്കുന്നതിനായി പ്രവര്‍ത്തിച്ച തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണന്‍, ജില്ലാകളക്ടര്‍ എ. ഷൈനമോള്‍, ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.പി. ഹൈദരലി എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
ശൗചാലയം നിര്‍മിക്കുന്നതിനായി ഗ്രാമപ്പഞ്ചായത്തുകളുടെ സഹകരണത്തോടെ 12,011 കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. ഇതില്‍ 13 ഗ്രാമപ്പഞ്ചായത്തുകളിലെ 51 പട്ടികവര്‍ഗ കോളനികളിലായി 645 ശൗചാലയമില്ലാത്ത കുടുംബങ്ങളെയും തീരദേശമേഖലയിലെ ഏഴ് ഗ്രാമപ്പഞ്ചായത്തുകളില്‍നിന്ന് 564 മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും കണ്ടെത്തി. സര്‍വേയില്‍ കണ്ടെത്തിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശൗചാലയം നിര്‍മിച്ചുനല്‍കിയതോടെയാണ് ജില്ല സമ്പൂര്‍ണ ഒ.ഡി.എഫായി മന്ത്രി പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് ആദ്യം പ്രഖ്യാപനം നടത്തിയത് തൃശ്ശൂര്‍ ജില്ലയായിരുന്നു. കൊല്ലം, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം തുടങ്ങിയ ജില്ലകളാണ് പ്രഖ്യാപനം കാത്തിരിക്കുന്നത്. നവംബര്‍ ഒന്നിനാണ് സംസ്ഥാനം സമ്പൂര്‍ണ ഒ.ഡി.എഫ്. പ്രഖ്യാപനം നടത്തുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് പൂര്‍ണ സഹകരണമുണ്ടായാല്‍ മാത്രമേ മാലിന്യനിര്‍മാര്‍ജന പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ കഴിയൂവെന്ന് മന്ത്രി പറഞ്ഞു.
പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണന്‍, ജില്ലാകളക്ടര്‍ എ. ഷൈനമോള്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, അംഗം ഉമ്മര്‍ അറക്കല്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് നാസര്‍, ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി. ഹൈദരലി, പി.എ.യു. പ്രോജക്ട് ഡയറക്ടര്‍ പി.സി. ബാലഗോപാലന്‍, എ.ഡി.സി (ജനറല്‍) പ്രീതി മേനോന്‍ എന്നിവര്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!